
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിംഗിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ ജെ.സിദ്ധാർത്ഥിന്റെ പിതാവ് നീതിതേടി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ.സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു.
എസ്.എഫ്.ഐ.നേതാക്കൾ അടക്കമുള്ളവരുടെ സസ്പെൻഷൻ പിൻവലിച്ച് സർവകലാശാല തിരിച്ചെടുത്തതാണ് കുടുംബത്തെ ആശങ്കയിലാക്കിയത്. തിരിച്ചെടുത്തവരെ ഗവർണറുടെ നിർദേശ പ്രകാരം ഇന്നലെ വീണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതായി പറയുന്നുവെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായതായി അറിവില്ലെന്ന് സിദ്ധാർത്ഥിന്റെ പിതാവ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണം വൈകും തോറും തെളിവുകൾ നഷ്ടപ്പെടാനോ നശിപ്പിക്കപ്പെടാനോ സാദ്ധ്യതയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു.
സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതായിപ്പറയുന്ന സി.ബി.ഐ അന്വേഷണം സംബന്ധിച്ച നടപടികളിൽ വ്യക്തത വരേണ്ടതുണ്ടെന്നും
തികച്ചും ക്രൂരമായ ഈ കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടുന്നത് കണ്ടു നിൽക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സി.ബി.ഐ
അന്വേഷണം: നടപടി
വൈകിപ്പിക്കുന്നെന്ന്
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതിനായി സർക്കാർ മുന്നോട്ട് പോവുന്നില്ലെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഇ.യു.ഈശ്വരപ്രസാദ്. പ്രതിഷേധങ്ങളെ ഭയന്നാണ് സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. എന്നാൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. ഒരു വശത്ത് നടപടി ക്രമങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുമ്പോൾ മറുവശത്ത് എസ്.എഫ്.ഐക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി പൊലീസുൾപ്പെടെ തെളിവുകൾ നശിപ്പിക്കാനുള്ള നീക്കം നടത്തുകയാണ്.
സിദ്ധാർത്ഥിന്റെ മരണം:
സി.ബി.ഐ ആവശ്യപ്പെട്ടു,
രേഖകൾ ഇംഗ്ലീഷിലാക്കുന്നു
തിരുവനന്തപുരം: ക്രൂരമായ മർദ്ദനത്തെതുടർന്ന് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതിന് പിന്നാലെ രേഖകളെല്ലാം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നു. കഴിഞ്ഞ പത്തിനാണ് വൈത്തിരി സ്റ്റേഷനിലെ കേസ്, ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിജ്ഞാപനം ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയത്. ഇത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയച്ചിരുന്നു. അവർ സി.ബി.ഐ ആസ്ഥാനത്തേക്ക് കൈമാറിയപ്പോഴാണ് കേസ് രേഖകൾ ആവശ്യപ്പെട്ടത്.
എഫ്.ഐ.ആർ, പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ അടക്കമുള്ള രേഖകൾ മലയാളത്തിലാണ്. ഇവയടക്കം പൂർണ വിവരങ്ങൾ സി.ബി.ഐയ്ക്ക് കൈമാറേണ്ടതുണ്ട്. അത് പരിശോധിച്ച ശേഷമായിരിക്കും കേസ് ഏറ്റെടുക്കുന്നതിൽ സി.ബി.ഐ തീരുമാനമെടുക്കുക. എത്രയും വേഗത്തിൽ രേഖകൾ പരിഭാഷപ്പെടുത്തി ഡൽഹിയിലേക്ക് അയയ്ക്കും. സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടത്.
പൂക്കോട്ടെ 2023ലെ റാഗിംഗ്:
2 പേരുടെ സസ്പെൻഷന്
ഹൈക്കോടതി സ്റ്റേ
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിൽ ഒരുവർഷംമുമ്പ് നടന്നതായി പറയുന്ന റാഗിംഗിന്റെ പേരിൽ രണ്ടു വിദ്യാർത്ഥികളെ സർവകലാശാല സസ്പെൻഡ്ചെയ്തത് ഹൈക്കോടതി സ്റ്റേ ചെയ്തു. റാഗിംഗ് വിരുദ്ധസമിതിയുടെ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ നിർദ്ദേശിച്ചു.
ഒരു വർഷത്തേക്ക് സസ്പെൻഷനിലായ
ബി.വി.എസ്സി ആൻഡ് എ.എച്ച് കോഴ്സ് നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ ഹർജിയിലാണ് ഇടക്കാല സ്റ്റേ.
സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ മാർച്ച് 15നാണ് ഇവർക്കെതിരെ നടപടിയുണ്ടായത്.
നടക്കാത്ത സംഭവത്തിന്റെ പേരിലാണ് മാറ്റിനിറുത്തിയതെന്നും ഇത് സിദ്ധാർത്ഥ് കേസിൽപ്പെട്ട രാഷ്ട്രീയസ്വാധീനമുള്ള വിദ്യാർത്ഥികളെ സംരക്ഷിക്കാനാണെന്നും ഹർജിയിൽ ആരോപിച്ചു. 2023ൽ തങ്ങൾ റാഗ് ചെയ്തതായി പറയുന്ന വിദ്യാർത്ഥിതന്നെ ഇക്കാര്യം നിഷേധിച്ച് മൊഴിനൽകിയിട്ടുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ആന്റി റാഗിംഗ് കമ്മിറ്റിക്ക് തങ്ങൾക്കെതിരായ പരാതികളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും സിദ്ധാർത്ഥിന്റെ മരണത്തിൽ ജനരോഷമുയർന്നതോടെ എന്തെങ്കിലും ചെയ്തെന്ന് വരുത്തിത്തീർക്കാനാണ് നടപടിയെന്നും അമരേഷും അജിത്തും ചൂണ്ടിക്കാട്ടി. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തടയുകയും ചെയ്തിരുന്നു.