
ലഖിംപുർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ടു. അസാമിലെ നൗബോയിച്ച എം.എൽ.എ ഭരത് ചന്ദ്ര നാരയാണ് ഇന്നലെ പാർട്ടി വിട്ടത്.
രണ്ടുദിവസം മുൻപാണ് ലഖിംപുർ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥിയായി ഉദയ് ശങ്കർ ഹസാരികയുടെ പേര് കോൺഗ്രസ് പ്രഖ്യാപിച്ചത്. തന്റെ ഭാര്യ റാണി നാരയെ ഇവിടെ സ്ഥാനാർത്ഥിയാകുമെന്ന് ഭരത് ചന്ദ്ര നാര പ്രതീക്ഷിച്ചിരുന്നു. ഇതാണ് പാർട്ടി വിടാനുള്ള കാരണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.
ലഖിംപുർ മണ്ഡലത്തിൽ നിന്ന് മുൻപ് മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് റാണി നാര. കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കാണ് ഭരത് ചന്ദ്ര നാര രാജിക്കത്ത് നൽകിയത്. അസാമിലെ കോൺഗ്രസ് മീഡിയ സെൽ ചെയർമാൻ സ്ഥാനം അദ്ദേഹം നേരത്തെ രാജിവച്ചിരുന്നു.