pic

ജനീവ: അന്താരാഷ്ട്ര വേദികളിൽ കാശ്മീർ വിഷയം ഉന്നയിച്ച് ആളാവാനുള്ള പാകിസ്ഥാൻ ശ്രമത്തെ വീണ്ടും ചുരുട്ടിക്കെട്ടി ഇന്ത്യ. ദേശീയ പാർലമെന്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റർ - പാർലമെന്ററി യൂണിയന്റെ (ഐ.പി.യു) ജനീവ കൺവെൻഷനായിരുന്നു ഇത്തവണ വേദി. ആദ്യം നിങ്ങളുടെ ഭീകര ഫാക്ടറികൾ അടച്ചുപൂട്ടൂ, എന്നിട്ടാവാം മറ്റുള്ളവരുടെ പരമാധികാരത്തിലുള്ള ഇടപെടലെന്ന് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ച രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് നാരായൺ സിംഗ് ആഞ്ഞടിച്ചു. ആഗോള ഭീകരതയുടെ മുഖമായ അൽ ക്വഇദ സ്ഥാപകൻ ബിൻ ലാദൻ പാകിസ്ഥാനിലാണ് ഉണ്ടായിരുന്നതെന്ന് മറക്കേണ്ടെന്നും ഹരിവൻഷ് ഓർമ്മിപ്പിച്ചു. ഇതോടെ, മറുപടി മുട്ടിയ പാക് സംഘം സമ്മേളനത്തിൽ ശരിക്കും ഒറ്റപ്പെട്ടു.

കാശ്മീരിൽ മനുഷ്യാവകാശ ലംഘനമാണെന്നും ചർച്ചവേണമെന്നുമായിരുന്നു പാക് ആവശ്യം. ജമ്മുകാശ്മീരും ലഡാക്കും അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ മറുപടിയിൽ അവരുടെ വായടഞ്ഞു. ഭീകരർക്ക് അഭയം നൽകുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന രാജ്യത്തിന് മനുഷ്യാവകാശങ്ങളെ പറ്റി അഭിപ്രായം പറയാൻ യോഗ്യതയില്ലെന്ന് ഹരിവൻഷ് പറഞ്ഞു. പരിഹാസ്യമായ അവകാശവാദങ്ങൾ നടത്തുന്നതിന് പകരം ജമ്മു കാശ്മീരിൽ ആക്രമണങ്ങൾ തുടരുന്ന സ്വന്തം ഭീകര ഫാക്ടറികളെ ഇല്ലാതാക്കാനാണ് പാകിസ്ഥാൻ ശ്രദ്ധിക്കേണ്ടത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അനുകരിക്കപ്പെടേണ്ട മാതൃകയായിട്ടാണ് ഇന്ത്യൻ ജനാധിപത്യത്തെ ലോകം കാണുന്നത്. ജനാധിപത്യത്തിന്റെ മോശം ട്രാക്ക് റെക്കോഡ് മാത്രമുള്ള ഒരു രാജ്യം ഇന്ത്യയെ ഉപദേശിക്കാൻ വരുന്നത് ചിരിപ്പിക്കുന്ന കാര്യമാണ്.

ഇത്തരത്തിൽ അസംബന്ധ വിവരങ്ങളുമായി വന്ന് ഐ.പി.യുപോലുള്ള വേദികളുടെ പ്രാധാന്യത്തിന് തുരങ്കം വയ്ക്കാനുള്ള ശ്രമം ആവർത്തിക്കരുത്. ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയിൽ പെടുത്തിയ മിക്ക ഭീകരർക്കും ആതിഥേയത്വം വഹിച്ച രാജ്യം പാകിസ്ഥാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോ‌ഡി, രാജ്യസഭാംഗങ്ങളായ എസ്. നിരഞ്ജൻ റെഡ്ഡി, കാർത്തികേയ ശർമ്മ, അശോക് മിത്തൽ, പ്രശാന്ത നന്ദ, സുമിത്ര ബാൽമിക് എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മറ്റ് അംഗങ്ങൾ.

ഐ.പി.യു ലക്ഷ്യം

 അംഗങ്ങൾക്കിടയിൽ ജനാധിപത്യ ഭരണം, ഉത്തരവാദിത്വം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഐ.പി.യുവിന്റെ ലക്ഷ്യം. ഇന്ത്യ അടക്കം 180 അംഗങ്ങൾ

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ഐ.പി.യുവിന് സ്ഥിരം നിരീക്ഷക പദവിയുണ്ട്. 23ന് ആരംഭിച്ച ഐ.പി.യു സമ്മേളനം നാളെ അവസാനിക്കും

വടികൊടുത്ത് വാങ്ങൽ പതിവ്

 കഴിഞ്ഞ മാസം നടന്ന 55ാമത് യു.എൻ മനുഷ്യാവകാശ കൗൺസിലിൽ കാശ്മീർ വിഷയം ഉന്നയിച്ച പാകിസ്ഥാനും തുർക്കിക്കും ഇന്ത്യൻ പ്രതിനിധി അനുപമ സിംഗ് മറുപടി നൽകിയിരുന്നു

 ആഗോള ഭീകരതയുടെ സ്‌പോൺസറായ ഒരു രാജ്യത്തെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും സ്വന്തം ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടവരാണെന്നും അനുപമ പറഞ്ഞു