
ന്യൂയോർക്ക്: പോൺ താരം സ്റ്റോമി ഡാനിയേൽസിന് 1,30,000 ഡോളർ ( ഒരു കോടിയിൽ പരം രൂപ ) നൽകിയ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്രിമിനൽ വിചാരണ ഏപ്രിൽ 15ന് തുടങ്ങും. മാൻഹട്ടൻ കോടതിയുടേതാണ് വിധി. യു.എസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടേണ്ടി വരുന്നത്.
അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ ട്രംപ് അഭിഭാഷകൻ വഴിയാണ് സ്റ്റോമിക്ക് പണം നൽകിയത്. 2016ൽ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു ഇത്. രഹസ്യങ്ങൾ വെളിപ്പെടുത്തില്ലെന്ന കരാർ ( നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് ) പ്രകാരം പണം നൽകിയത് കുറ്റമല്ല. എന്നാൽ ഇത് ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് വിനയായത്. 34 ക്രിമിനൽ കുറ്റങ്ങളാണ് കേസിൽ ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.
അതിനിടെ, ന്യൂയോർക്ക് സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്ത, സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവിൽ തട്ടിപ്പ് കേസിൽ ട്രംപിന് നേരിയ ആശ്വാസം.
കേസിൽ 464 മില്യൺ ഡോളർ പിഴയോ സ്വകാര്യ കമ്പനിയിൽ നിന്നുള്ള ബോണ്ടോ കെട്ടിവയ്‌ക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. ഇതിൽ ഇളവ് തേടി ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിച്ച കോടതി 10 ദിവസത്തിനുള്ളിൽ 175 മില്യൺ ഡോളറിന്റെ ബോണ്ട് കെട്ടിവയ്ക്കണമെന്ന് നിർദ്ദേശിച്ചു. അല്ലാത്തപക്ഷം ട്രംപ് ടവർ, ഫ്ലോറിഡയിലെ മാർ അ- ലാഗോ എസ്റ്റേറ്റ് തുടങ്ങിയ ട്രംപിന്റെ സ്വത്തുക്കൾ പിടിച്ചെടുക്കും. നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന് കേസുകൾ തലവേദനയാകുന്നത്.