അമേരിക്ക വിട്ടുനിന്നു

ന്യൂയോർക്ക്: ഗാസയിൽ അടിയന്തര വെടിനിറുത്തൽ ആവശ്യപ്പെടുന്ന പ്രമേയം ആദ്യമായി പാസാക്കി യു.എൻ സുരക്ഷാ സമിതി. വോട്ടെടുപ്പിൽ നിന്ന് യു.എസ് വിട്ടുനിന്നപ്പോൾ മറ്റ് 14 അംഗങ്ങളും അനുകൂലിച്ചു.

ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും വിശുദ്ധ റംസാൻ കണക്കിലെടുത്ത് വെടിനിറുത്തൽ ഉടൻ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. തുടർന്ന് ശാശ്വത വെടിനിറുത്തൽ ഉടമ്പടിയിലേക്ക് ഇരുപക്ഷവും നീങ്ങണം.

മുമ്പ് വിവിധ രാജ്യങ്ങൾ കൊണ്ടുവന്ന വെടിനിറുത്തൽ പ്രമേയങ്ങളെ ഇസ്രയേലിന്റെ സഖ്യകക്ഷിയായ യു.എസ് തടഞ്ഞിരുന്നു. ഇത്തവണ എതിർക്കാതെ വിട്ടുനിന്നത് ഇസ്രയേലിനോടുള്ള യു.എസിന്റെ അതൃപ്തിയുടെ പ്രതിഫലനമാണ്. വെടിനിറുത്തലിനായി കഴിഞ്ഞ ആഴ്ച യു.എസ് ആദ്യമായി അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്താത്ത കപട പ്രമേയമാണ് യു.എസിന്റേതെന്ന് റഷ്യ വിമർശിക്കുകയും ചെയ്തു.

അൾജീരിയ, സ്ലോവേനിയ, സ്വിറ്റ്സർലൻഡ് അടക്കം സമിതിയിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾ ചേർന്ന് തയാറാക്കിയ ബദൽ പ്രമേയമാണ് ഇന്നലെ പാസാക്കിയത്.

32,300

ഒക്ടോബറിൽ ആരംഭിച്ച ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ ഇതുവരെ 32,300 പാലസ്തീനികൾ കൊല്ലപ്പെട്ടു

പ്രമേയം നടപ്പാക്കണം. അല്ലാത്തപക്ഷം മാപ്പ് അർഹിക്കാത്ത തെറ്റാവും. റാഫ നഗരത്തിൽ കരയാക്രമണം നടത്താനുള്ള പദ്ധതി ഇസ്രയേൽ ഉപേക്ഷിക്കണം

- അന്റോണിയോ ഗുട്ടറെസ്,

യു.എൻ സെക്രട്ടറി ജനറൽ