ko

ബംഗളൂരു: ആവേശം അവസാന ഓവറോളം നീണ്ട പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനെ 4 വിക്കറ്റിന് കീഴടക്കി റോയൽ ചല‌ഞ്ചേഴ്സ് ബംഗളൂരു ഈ ഐ.പി.എൽ സീസണിലെ ആദ്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. മറുപടിക്കിറങ്ങിയ ബംഗളൂരു വിരാട് കൊഹ്‌ലിയുടെ ഗംഭീര അർദ്ധ സെഞ്ച്വറിയുടേയും ( 49 പന്തിൽ 77), ദിനേഷ് കാർത്തിക്കിന്റെയും (പുറത്താകാതെ 10 പന്തിൽ 28), ഇംപാക്ട് പ്ലെയർ മഹിപാൽ ലോംറോറിന്റെയും (പുറത്താകാതെ 8 പന്തിൽ 17) ഫിനിഷിംഗ് മികവിൽ 4 പന്ത് ബാക്ക് നിൽക്കെ വിജയത്തിലെത്തി (178/6). റബാഡ എറിഞ്ഞ മൂന്നാം ഓവറിൽ കൊഹ്‌ലി കൊടുത്ത ക്യാച്ച് സ്ലിപ്പിൽ ബെയർസ്റ്റോ വിട്ടുകളഞ്ഞതിന് പഞ്ചാബ് വലിയവില കൊടുക്കേണ്ടി വന്നു. ട്വന്റി-20യിൽ കൊഹ്‌ലിയുടെ 100-ാം അർദ്ധ സെഞ്ച്വറിയായിരുന്നു ഇന്നലത്തേത്. അവസാന ഓവറിൽ ബാംഗ്ലൂരിന് പത്ത് റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് എറിഞ്ഞ ആ ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ യഥാക്രമം സിക്സും ഫോറും നേടി കാർത്തിക് ബംഗളൂരുവിന് ജയം സമ്മാനിച്ചു. റബാഡയും ബ്രാറും പഞ്ചാബിനായി വിക്കറ്റ് വീതം വീഴ്ത്തി.

37പന്തിൽ 5 ഫോറും 1 സിക്സും ഉൾപ്പെടെ 45 റൺസ് നേടിയ ക്യാപ്ടൻ ശിഖർ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. വമ്പൻ സ്‌കോറുകൾ പിറക്കാറുള്ള ചിന്നസ്വാമിയിൽ പഞ്ചാബിന് ആദ്യ പവർപ്ലേ നന്നായി ഉപയോഗിക്കാനായില്ല. പവർപ്ലേയിൽ 40 റൺസാണ് പഞ്ചാബ് നേടിയത്. ജോണി ബെയർസ്റ്റോയെ (8) സിറാജ് പുറത്താക്കുകയും ചെയ്‌തു.കൊഹ്‌ലിയാണ് ക്യാച്ചെടുത്തത്. പ്രഭ്‌സിമ്രാൻ സിംഗ്(25), ജിതേഷ് ശർമ്മ (27), സാം കറൻ (23), ശശാങ്ക് സിംഗ് (പുറത്താകാതെ 21) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്ഥാനക്കയറ്റം നൽകി നാലാമനായി ക്രീസിലെത്തിയ ലിയാം ലിവിംഗ്‌സ്റ്റണ് (17) തിളങ്ങാനായില്ല. അൽസാരി ജോസഫ് എറിഞ്ഞ അവസാന ഓവറിൽ ശശാങ്ക് 2 സിക്സും 1 ഫോറും നേടി. ആ ഓവറിൽ 20 റൺസാണ് പ‌‌ഞ്ചാബിന്റെ അക്കൗണ്ടിലെത്തിയത്. സിറാജും മാക്‌സ്‌വെല്ലും 2 വിക്കറ്റ് വീതം വീഴ്ത്തി.

ജയം തുടരാൻ

ചെന്നൈ: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും.ആദ്യ മത്സരത്തിൽ ചെന്നൈ ആർ.സി.ബിയേയും ഗുജറാത്ത് മുംബയ് ഇന്ത്യൻസിനേയും തോൽപ്പിച്ചിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ രാത്രി 7.30 മുതലാണ് മത്സരം.

ലൈവ്: സ്റ്റാർ സ്‌പോർട്സ്, ജിയോ സിനിമ.