
കീറ്റോ: തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ബ്രിജിറ്റ് ഗാർഷ്യയെ ( 27 ) അജ്ഞാതർ വെടിവച്ചു കൊന്നു. ഇവരുടെ പ്രസ് സെക്രട്ടറിയും കൊല്ലപ്പെട്ടു. സാൻ വിൻസെന്റ് നഗരത്തിൽ കാറിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷമാണ് ബ്രിജിറ്റ് സാൻ വിൻസെന്റിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇക്വഡോറിൽ ജനപ്രതിനിധികൾക്ക് നേരെയുള്ള ആക്രമണങ്ങൾ പെരുകുകയാണ്. കഴിഞ്ഞ മാസം ഗ്വായാസ് പ്രവിശ്യയിലെ നരൻഹാലിൽ നിന്നുള്ള കൗൺസിലറായ ഡയാന കാർനെറോയെ (29) പട്ടാപ്പകൽ ആക്രമി സംഘം വെടിവച്ചു കൊന്നിരുന്നു.
രാജ്യത്ത് അരങ്ങേറുന്ന മാഫിയ സംഘങ്ങളും സർക്കാരും തമ്മിലെ സംഘർഷങ്ങളുടെ ഭാഗമാണ് ഈ കൊലപാതകങ്ങൾ എന്ന് കരുതുന്നു. പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഫെർനാൻഡോ വില്ലാവിസെൻഷ്യോ, മാന്റാ നഗരത്തിലെ മേയർ, പോർട്ടോ ലോപ്പസ് നഗരത്തിലെ മേയർ സ്ഥാനാർത്ഥി എന്നിവരെ കഴിഞ്ഞ വർഷം ക്രിമിനൽ സംഘം വധിച്ചിരുന്നു.
പാപ്പുവ ന്യൂഗിനിയിൽ ഭൂചലനം: 5 മരണം
പോർട്ട് മോർസ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. അഞ്ച് പേർ മരണമടഞ്ഞു. 1,000 വീടുകൾ തകർന്നു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 6.20ന് രാജ്യത്തിന്റെ പടിഞ്ഞാറുള്ള വിദൂര പ്രദേശമായ ഈസ്റ്റ് സെപിക് പ്രവിശ്യയിലായിരുന്നു സംഭവം. തലസ്ഥാനമായ പോർട്ട് മോർസ്ബിയിൽ നിന്ന് 756 കിലോമീറ്റർ അകലെയാണിവിടം. സെപിക് നദി കരകവിഞ്ഞതോടെ ഉടലെടുത്ത വെള്ളപ്പൊക്കം കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ കനത്ത നാശം വിതച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂചലനം. തടികൊണ്ട് നിർമ്മിച്ച വീടുകളാണ് ഇവിടെ ഏറെയും. പസഫിക് സമുദ്രത്തിലെ ' റിംഗ് ഒഫ് ഫയർ ' മേഖലയിൽ ഉൾപ്പെടുന്ന പാപ്പുവ ന്യൂഗിനിയിൽ ഭൂചലനങ്ങൾ സാധാരണമാണ്.