health

തിരുവനന്തപുരം: ഒറ്റ ദിവസത്തെ വേനല്‍ മഴക്ക് പിന്നാലെ തലസ്ഥാന ജില്ലയില്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ശരാശരി 500ല്‍ അധികം പേരാണ് ദിവസേന ചികിത്സ തേടുന്നത്. 2511 പേരാണ് ചികിത്സ തേടിയത്. പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.

മാര്‍ച്ച് 18 മുതല്‍ 22 വരെയാണ് 2511 പേര്‍ ചികിത്സ തേടിയത്. ഇതില്‍ 59 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. 31പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. വേനല്‍ മഴയെ തുടര്‍ന്നു പനി ബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാദ്ധ്യത. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡെങ്കിപ്പനി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും പനി വരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.തലസ്ഥാനത്തെ സ്ഥിതി കണക്കിലെടുത്ത് മറ്റ് ജില്ലകളോടും ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണം. വീടിനുള്ളില്‍ ഫ്രിഡ്ജിന് പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയില്‍ വച്ചിരിക്കുന്ന പാത്രങ്ങള്‍, ഉപയോഗിക്കാത്ത ക്ലോസെറ്റ് തുടങ്ങിയവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. വീടിന് പുറത്ത് ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയര്‍, ആട്ടുകല്ല്, ഉരല്‍, വാഷ്‌ബേസിനുകള്‍ തുടങ്ങിയവ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം. വീടിന്റെ ടെറസ്, സണ്‍ഷേഡ്, മേല്‍ക്കൂരയുടെ പാത്തി തുടങ്ങിയവയിലും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.

ഈഡിസ് കൊതുക് വളരാനുള്ള സാഹചര്യം കണ്ടാല്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കൊതുക് കടിയേല്‍ക്കാതിരിക്കാനുള്ള ലേപനങ്ങള്‍ ഉപയോഗിക്കണം. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കണം. തോട്ടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉടമകള്‍ ഉറപ്പാക്കണം തുടങ്ങിയവയാണ് പൊതുവായ ജാഗ്രതാ നിര്‍ദേശങ്ങള്‍.