city

തിരുവനന്തപുരം: നിര്‍മ്മാണങ്ങളും നഗരവത്കരണവും വര്‍ദ്ധിക്കുന്ന തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം കുറയുന്നുവെന്ന് കണ്ടെത്തല്‍. അന്താരാഷ്ട്ര എയര്‍ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ ഐ ക്യു എയറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാ പദാര്‍ത്ഥങ്ങളുടെ അളവ് (പി.എം 2.5) നിശ്ചിത പരിധിക്ക് മുകളിലാണ്. ഒരു ക്യുബിക് മീറ്റര്‍ വായുവിലുള്ള 2.5 മൈക്രോണിന് താഴെയുള്ള കണികാ പദാര്‍ത്ഥങ്ങളുടെ തോത് തലസ്ഥാനത്ത് 22.3-44.5 എന്ന നിലയിലാണ്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പരിധി 10 മാത്രമാണ്. കൊച്ചിയെ അപേക്ഷിച്ച് വായുമലിനീകരണം കുറവായിരുന്ന തലസ്ഥാനത്ത് അതിവേഗത്തിലാണ് മാറ്റം. വ്യവസായങ്ങള്‍ നിരവധിയുള്ള കൊച്ചിയിലെ പി.എം 2.5ന്റെ തോത് 35-71.9 ആണ്. നഗരങ്ങളിലെ നിര്‍മ്മാണങ്ങളിലൂടെ ഉണ്ടാക്കുന്ന രൂക്ഷമായ പൊടി, നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍,ഗതാഗതക്കുരുക്ക് എന്നിവയെല്ലാം തലസ്ഥാനത്തെ സ്ഥിതിക്ക് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2019ല്‍ പി.എം.ജി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ നൈട്രജന്‍ ഓക്സൈഡിന്റെ അളവ് നിശ്ചിത പരിധിയായ 40ലും മുകളിലാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍ 45 മൈക്രോഗ്രാമാണ് നൈട്രജന്‍ ഓക്സൈഡിന്റെ തോത്. ജലമലിനീകരണത്തേക്കാള്‍ വേഗത്തിലാണ് വായുമലിനീകരണം സംഭവിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ആശങ്കാജനകം

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നഗരത്തില്‍ നിര്‍മ്മാണം കൂടുതലാണ്. വിവിധ സ്ഥലങ്ങളില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നതുമെല്ലാം മലിനീകരണത്തിന്റെ തോത് ഉയര്‍ത്തുന്നു. മഴ വായുമലിനീകരണം കുറയ്ക്കുമെങ്കിലും തലസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍,വടക്കുകിഴക്കന്‍ മണ്‍സൂണുകളുടെ പ്രയോജനം ലഭിക്കുന്ന തീരദേശ മേഖലയാണെങ്കിലും പ്രധാന മണ്‍സൂണ്‍ മാസമായ ജൂലായ് ഒഴികെ മറ്റെല്ലാ മാസങ്ങളിലും തിരുവനന്തപുരത്തെ മലിനീകരണതോതില്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിവേഗ നഗരവത്കരണവും വാഹനപ്പെരുപ്പവും മഴയുടെ കുറവുമാണ്

വായുമലിനീകരണത്തിന് പ്രധാന കാരണം. -എം.ദിലീപ് കുമാര്‍

മുന്‍ സീനിയര്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്