
ഡബ്ലിൻ: അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാൻ ഒരുങ്ങി ഫീന ഗെയ്ൽ പാർട്ടി നേതാവ് സൈമൺ ഹാരിസ്. പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 37കാരനായ സൈമൺ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രധാനമന്ത്രി പദത്തിന് വഴിയൊരുങ്ങിയത്. ഈസ്റ്റർ അവധിക്ക് ശേഷം ഏപ്രിൽ 9ന് പാർലമെന്റ് ചേർന്ന ശേഷമാകും സ്ഥാനം ഏറ്റെടുക്കുക.
നിലവിൽ, ഫീന ഗെയ്ൽ ഉൾപ്പെടെ മൂന്ന് പാർട്ടികൾ അടങ്ങുന്ന സഖ്യസർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് സൈമൺ. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ലിയോ വരാഡ്കർ (45) കഴിഞ്ഞ ആഴ്ച രാജി പ്രഖ്യാപിച്ചിരുന്നു. ഫീന ഗെയ്ൽ പാർട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ മുൻനിറുത്തിയാണ് രാജിയെന്ന് ലിയോ പറയുന്നു.
സൈമൺ ചുമതലയേറ്റെടുക്കും വരെ ലിയോ തുടരും. 38ാം വയസിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ലിയോ (2017 - 2020) 2022 ഡിസംബറിൽ രണ്ടാമതും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് അയർലൻഡിലേക്ക് കുടിയേറിയ അശോക് വരാഡ്കറുടെയും ഐറിഷ് വംശജ മിറിയത്തിന്റെയും മകനാണ് ഇദ്ദേഹം.