
പത്തനംതിട്ട: തോമസ് ഐസകിന്റെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വാക്കേറ്റവും കൈയാങ്കളിയും. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേർക്കുനേർ പോരുവിളിച്ചത്. ഇതിൽ മുതിർന്ന സിപിഎം നേതാവ് രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. ഐസക്കിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് യോഗത്തില്‍ രൂക്ഷമായ തർക്കം ഉണ്ടായത്.
തോമസ് ഐസക്കിനെതിരെ നേരത്തെ തന്നെ മണ്ഡലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കുടുംബശ്രീ, ഹരിതകര്‍മ്മ സേന, ആശാ വര്‍ക്കര്‍മാരെ അടക്കം ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുവെന്നാണ് യുഡിഎഫ് ഉന്നയിച്ച ആരോപണം. എന്നാലിത് തോമസ് ഐസക് നിഷേധിച്ചിരുന്നു.
കുടുംബശ്രീ യോഗം നടക്കുന്നുണ്ടെങ്കിൽ അവിടെ സ്ഥാനാർത്ഥിയെന്ന നിലയിൽ പോയി വോട്ട് അഭ്യർത്ഥിക്കുന്നതിൽ തെറ്റില്ല. പെരുമാറ്റച്ചട്ട ലംഘന ആരോപണത്തിന് കളക്ടർ വിശദീകരണം തേടിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീയുമായി തനിക്ക് വർഷങ്ങളുടെ ബന്ധമുണ്ട്. ആ പ്രസ്ഥാനം രൂപവത്കരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയർമാൻ താനായിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല. വിജ്ഞാന പത്തനംതിട്ട എന്ന തൊഴിൽദാന പദ്ധതി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തുടങ്ങിയതാണ്. അത് കെ ഡിസ്‌ക് വഴിയാണ് നടപ്പാക്കുന്നത്. കെ ഡിസ്‌ക് ആ ജോലി തുടരുക തന്നെ ചെയ്യും. സ്ഥാനാർത്ഥിയായതിനാൽ ഇപ്പോൾ അതിൽ ഇടപെടുന്നില്ല. പരാജയഭീതി മൂലമാണ് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കളക്ടറുടെ കത്തിന് കൃത്യമായ മറുപടി നൽകുമെന്നും ഐസക്ക് പറഞ്ഞു.