
തിരുവനന്തപുരം: കേരള ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ മുബാറക് പാഷയുടെ രാജി ഉപാധികളോടെ അംഗീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇദ്ദേഹത്തിന്റെ യോഗ്യതയുമായി ബന്ധപ്പെട്ട കേസിൽ കോടതി തീരുമാനം അനുസരിച്ച് തുടർ നിലപാട് സ്വീകരിക്കുമെന്നാണ് രാജ്‌ഭവനിൽ നിന്ന് അറിയിച്ചത്. മുബാറക് പാഷയുടെ ഒഴിവിൽ വി പി ജഗദിരാജിനെ പുതിയ വിസിയായി നിയമിക്കുമെന്നും രാജ്‌ഭവൻ വ്യക്തമാക്കി.
ഗവർണർ കടുപ്പിക്കുന്നതിനിടെയാണ് ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ രാജിക്കത്ത് നൽകിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു നാല് വിസിമാർക്ക് അവരുടെ ഭാഗം പറയാൻ രാജ്‌ഭവനിൽ ഹിയറിംഗ് നടത്തിയത്. അതിന് കാത്തുനിൽക്കാതെയാണ് കഴിഞ്ഞ ദിവസം പാഷ രാജിക്കത്ത് നൽകിയത്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് നേരിട്ടെത്തി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനാണ് ഹിയറിംഗിന് വന്നത്. സംസ്‌കൃത വിസിയുടെ അഭിഭാഷകൻ ഓൺലൈൻ വഴി പങ്കെടുത്തു. യുജിസി ജോയിന്റ് സെക്രട്ടറിയും യുജിസിയുടെയും ഗവർണറുടെയും സ്റ്റാൻഡിംഗ് കൗൺസിലർമാരും ഹിയറിംഗിൽ ഉണ്ടായിരുന്നു.
യുജിസി റെഗുലേഷൻ പ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ചല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറിംഗിൽ എടുത്ത നിലപാട്. ആദ്യ വിസി എന്ന നിലയ്‌ക്ക് സർക്കാരിന് നേരിട്ട് നിയമിക്കാമെന്നായിരുന്നു ഡിജിറ്റൽ വിസിയുടെ വിശദീകരണം. കെടിയു വിസി ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരിൽ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണർ മറ്റ് 11 വിസിമാർക്കെതിരെ നടപടി ആരംഭിച്ചത്. ഇതിൽ നിലവിൽ ബാക്കിയുള്ള നാലുപേർക്കെതിരെയാണ് രാജ്‌ഭവൻ നീക്കം.
ഓപ്പൺ, ഡിജിറ്റൽ വിസിമാരെ യുജിസി പ്രതിനിധിയില്ലാതെ സർക്കാർ നേരിട്ട് നിയമിച്ചതാണ് പ്രശ്നം. കാലിക്കറ്റ് വിസി നിയമനത്തിൽ ചീഫ് സെക്രട്ടറി സെർച്ച് കമ്മിറ്റിയിലുണ്ടായതാണ് നിയമതടസമായത്.