
ഒരു മനുഷ്യന് ഭക്ഷണം, വെള്ളം എന്നതുപോലെ തന്നെ അത്യാവശ്യമുള്ള ഒന്നാണ് ഉറക്കം. ശരിയായി ഉറങ്ങിയില്ലെങ്കിൽ അത് ആരോഗ്യത്തെ സാരമായി ബാധിക്കും. ഉറക്കമില്ലായ്‌മ കാരണം പല തരത്തിലുള്ള അസുഖങ്ങളും നിങ്ങളെ തേടിയെത്തും.
എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ലെന്നാണ് പലരുടെയും പരാതി. ഇതിനുള്ള പ്രധാന കാരണം മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗമാണ്. എന്നാൽ, കിടന്ന് സെക്കൻഡുകൾക്കുള്ളിൽ തന്നെ ഉറക്കം ലഭിക്കാൻ നിങ്ങൾ രാത്രി വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നറിയാം.
1. ചായ കുടിക്കാമോ?
കഫീൻ, നിക്കോട്ടിൻ, മദ്യം എന്നിവയെല്ലാം നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. അതിനാൽ ചായ, കാപ്പി തുടങ്ങിയ വസ്‌തുക്കൾ ഉറങ്ങുന്നതിന് കുറഞ്ഞത് ആറ് മണിക്കൂർ മുമ്പെങ്കിലും കുടിക്കാതിരിക്കുക. മദ്യം കഴിക്കുന്നതും ഉറങ്ങുന്നതും തമ്മിൽ കുറഞ്ഞത് നാല് മണിക്കൂർ വ്യത്യാസമെങ്കിലും ഉണ്ടായിരിക്കണം.
2. ഉറക്കം കുറയ്‌ക്കുന്ന ഉറക്ക ഗുളിക
ഉറക്ക ഗുളിക 2-4 ആഴ്ച തുടർച്ചയായി കഴിക്കുകയാണെങ്കിൽ അതിന്റെ ഫലം പതിയെ നഷ്ടപ്പെടാൻ തുടങ്ങും. കാലക്രമേണ സ്ലീപ് അപ്നിയ പോലുള്ള വിട്ടുമാറാത്ത ഉറക്ക തകരാറുകളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാൽ ഉറക്ക ഗുളിക ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ മാത്രം കഴിക്കുക.
3. കഴിക്കുമ്പോഴും കുടിക്കുമ്പോഴും ശ്രദ്ധിക്കുക
പട്ടിണി കിടന്നോ വയറ് നിറയെ ഭക്ഷണം കഴിച്ചോ ഉറങ്ങാൻ പാടില്ല. പ്രത്യേകിച്ച് ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ വയറിന് സുഖക്കുറവ് ഉണ്ടാക്കുകയും ദഹനം ശരിയായി നടക്കാതെയാക്കുകയും ചെയ്യുന്നു.
4. ഫോൺ മാറ്റിവയ്‌ക്കുക
ഫോണിൽ നിന്ന് വരുന്ന വെളിച്ചം ഉറക്കത്തെ സാരമായി ബാധിക്കും. അതിനാൽ, ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും.