
ടെഹ്റാൻ: യുഎൻ സുരക്ഷാ കൗൺസിൽ വെടിനിർത്തലിനും ബന്ദിമോചനത്തിനും ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെ, ഇറാനിയൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾക്കായി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ചൊവ്വാഴ്ച ഇറാൻ സന്ദർശിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്‌ദുല്ലാഹിയാൻ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുസ്‌ലിംകളുടെ വിശുദ്ധ മാസമായ റമദാനിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അംഗീകരിച്ച പ്രമേയത്തിന് പിന്നാലെയാണ് ഹനിയേയുടെ സന്ദർശനം. ഒക്‌ടോബർ 7 ന് ശേഷം ഹമാസ് നേതാവ് ടെഹ്‌റാനിലേക്ക് നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്,
യു.എന്നിൽ അതിനിടെ, പ്രമേയത്തെ ചൊല്ലി അമേരിക്കയും ഇസ്രായേലും പരസ്യമായ ഭിന്നത രൂപപ്പെട്ടു. യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേലിനെ സംരക്ഷിച്ചു നിലകൊണ്ട അമേരിക്ക, ഇത്തവണ വീറ്റോ ചെയ്യാതെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത വിമർശനമാണ് ഇസ്രയേൽ അഴിച്ചുവിട്ടത്.
യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം അന്താരാഷ്ട്ര നിയമത്തിന് എതിരാണെന്ന യു.എസ് ആരോപണം യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് തള്ളി. റഫയിൽ ആക്രമണം അഴിച്ചുവിടാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ രംഗത്തുവന്നു. റഫയിൽ കരയാക്രമണം നടത്താതെ ബദൽ മാർഗം അവലംബിക്കണമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറിനോട് ബ്ലിങ്കൻ പറഞ്ഞു.
അതിനിടെ, 172ാം ദിവസവും ഗസ്സയിൽ ഇസ്രയേൽ അതിക്രമം തുടരുകയാണ്. റഫയിൽ ഒരു വീടിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ നാല് കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു. ഇസ്രായേലി കുടിയേറ്റക്കാർ ഹെബ്രോണിന് വടക്കുള്ള ബെയ്ത്ത് ഉമർ പട്ടണം ആക്രമിച്ചു. വെസ്റ്റ് ബാങ്കിൽ നിന്ന് ഇന്ന് എട്ട് പേരെ ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി.