k

എൻ.ഡി.എ സ്ഥാനാർത്ഥിയായി നടനും ബി.ജെ.പി ദേശീയ കൗൺസിൽ അംഗവുമായ ജി. കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചതോടെ കൊല്ലത്ത് ത്രികോണപ്പോര് ഉറപ്പായി. ആരാകും കൊല്ലത്തെ ബി.ജെ.പി സ്ഥാനാർത്ഥിയെന്ന് ഇടത്, വലത് മുന്നണികേന്ദ്രങ്ങളും സ്ഥാനാർത്ഥികളും ആഴ്ചകളായി ഉറ്റുനോക്കുകയായിരുന്നു. കൊല്ലം മണ്ഡലം ബി.ജെ.പി യുടെ സ്വാധീന മേഖലയല്ലെങ്കിലും ശക്തനായൊരു സ്ഥാനാർത്ഥിയെങ്കിൽ ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നത് ഉറപ്പാണ്.

മുൻ തിരഞ്ഞെടുപ്പുകളിലൊന്നും കൊല്ലത്തോട് ബി.ജെ.പി നേതൃത്വം കാര്യമായ പരിഗണന പോലും കാട്ടിയിരുന്നില്ല. അത് ഇക്കുറി തിരുത്തിക്കുറിക്കുന്നതാണ് കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം. കൃഷ്ണകുമാർ കൂടി എത്തിയതോടെ കൊല്ലത്ത് മൂന്ന് താരങ്ങൾ ഏറ്റു മുട്ടുന്ന മണ്ഡലമെന്ന വിശേഷണം കൂടി കൈവരുകയാണ്. ഇടത് മുന്നണി സ്ഥാനാർത്ഥിയും നടനുമായ എം. മുകേഷ്, കൃഷ്ണകുമാറിനെപ്പോലെ അറിയപ്പെടുന്ന സിനിമാ താരമാണെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ മറ്റൊരു തരത്തിൽ കൊല്ലത്തെ തിളങ്ങുന്ന താരമാണ്. തുടർച്ചായ മൂന്നാം ജയത്തിനായി മത്സരിക്കുന്ന പ്രേമചന്ദ്രൻ ഇന്ത്യൻ പാർലമെന്റിലെ ശ്രദ്ധിക്കപ്പെടുന്ന പാർലമെന്റേറിയനാണ്.

പ്രേമചന്ദ്രൻ

വിയർക്കുമോ ?

കൊല്ലത്ത് ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികൾ മണ്ഡലത്തിലുടനീളം ഒന്നിലേറെ തവണ പ്രചരണവാഹനങ്ങളിൽ ചുറ്റിക്കറങ്ങിയപ്പോഴും തങ്ങളുടെ സ്ഥാനാർത്ഥി ആരെന്നറിയാതെ പ്രചാരണം പോലും തുടങ്ങാൻ കഴിയാതെ വിഷമവൃത്തത്തിലായിരുന്നു ജില്ലയിലെ ബി.ജെ.പി പ്രവർത്തകർ. വൈകിയാണെങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മൂന്ന് മുന്നണികളുടെയും പ്രചാരണം ഉഷാറായി. കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകിയപ്പോൾ ഇടതുപക്ഷം കളിയാക്കിയിരുന്നത് പ്രേമചന്ദ്രന്റെ സൗകര്യാർത്ഥമുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള കാലതാമസമെന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് പാർലമെന്റ് കാന്റീനിൽ ഉച്ചഭക്ഷണം കഴിച്ച പ്രേമചന്ദ്രനെ അന്നുമുതലേ ഇടതുമുന്നണി നേതാക്കൾ 'സംഘി'യായി മുദ്രകുത്തിയിരുന്നു. മറ്റൊന്നും പറയാനില്ലാത്തതിനാലാണ് പ്രേമചന്ദ്രനെ സി.പി.എം നേതൃത്വം സ്ഥിരമായി സംഘിപ്പട്ടം ചാർത്തുന്നതെന്ന് പറഞ്ഞാണ് ഈ കുപ്രചാരണത്തെ യു.ഡി.എഫ് നേരിട്ടത്.

പ്രധാനമന്ത്രിയുമായി ഭക്ഷണം കഴിച്ചതിനെ കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം ന്യായീകരിക്കുകയും ചെയ്തു. 2019ലെ തിരഞ്ഞെടുപ്പിലും ഇടതു മുന്നണി പ്രേമചന്ദ്രനെതിരെ ഇതേ രീതിയിലുള്ള കുപ്രചാരണം നടത്തിയിരുന്നുവെന്നും അത് ഇത്തവണയും വിലപ്പോകില്ലെന്നും അവർ പറഞ്ഞു. എന്നാൽ പ്രേമചന്ദ്രനെ സഹായിക്കാൻ കൊല്ലത്ത് ബി.ജെ.പി നേതൃത്വം ദു‌‌ർബ്ബലനായ സ്ഥാനാ‌ർത്ഥിയെ രംഗത്തിറക്കുമെന്ന് എൽ.ഡി.എഫ് നേതൃത്വം പ്രചരിപ്പിച്ചിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അത്തരം പ്രചാരണങ്ങൾക്ക് ഇനി അടിസ്ഥാനമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൃഷ്ണകുമാറിന്റെ വരവോടെ.

2019ലെ തിരഞ്ഞെടുപ്പിൽ തീരെ അറിയപ്പെടാത്ത കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന അഡ്വ. കെ.വി സാബു മത്സരിച്ചിട്ടും 1,03,339 വോട്ട് ലഭിച്ചിരുന്നു. ആകെ പോൾ ചെയ്ത വോട്ടിന്റെ 10.66 ശതമാനമാണിത്. എൻ.കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 1,48,856 എന്ന റിക്കാർഡിലേക്ക് ഉയർന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മണ്ഡലത്തിന് സുപരിചിതനല്ലാത്ത എൻ.ഡി.എ സ്ഥാനാർത്ഥി ആയിരുന്നു. പ്രേമചന്ദ്രന് 4,99,677 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ കെ.എൻ ബാലഗോപാലിന് ലഭിച്ചത് 3,50,821 വോട്ടാണ്. 2024ൽ എത്തുമ്പോൾ പ്രേമചന്ദ്രന് ഇതേ രീതിയിലുള്ള വിജയം ആവർത്തിക്കാനാകുമോ എന്ന ചോദ്യമാണുയരുന്നത്. കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വം പ്രസക്തമാകുന്നതും ഇവിടെയാണ്.

പ്രേമചന്ദ്രനും കൃഷ്ണകുമാറും നായർ സമുദായാംഗങ്ങളാണെന്നതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രന് വോട്ട് ചെയ്ത ബി.ജെ.പി അനുഭാവമുള്ള നായർ വോട്ടുകൾ ഇക്കുറിയും പ്രേമചന്ദ്രന് ലഭിക്കുമോ അതോ കുറെ വോട്ടുകളെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിക്കുമോ എന്നാണറിയേണ്ടത്. അങ്ങനെയുള്ള കുറെ വോട്ടുകൾ കൃഷ്ണകുമാറിന് ലഭിച്ചാൽ പ്രേമചന്ദ്രന്റെ 2019ലെ ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവ് സംഭവിക്കാം. കൃഷ്ണകുമാർ കാര്യമായി വോട്ട് സമാഹരിച്ചാൽ അത് ആർക്കാകും അനുകൂലമായി മാറുന്നതെന്നതിനെ ആശ്രയിച്ചാകും കൊല്ലത്തെ ജയപരാജയങ്ങൾ നിർണ്ണയിക്കപ്പെടുക.

ബി.ജെ.പിയുടെ

സർജിക്കൽ സ്ട്രൈക്ക്


സംസ്ഥാനത്ത് അവസാനം പ്രഖ്യാപിച്ച നാല് ബി.ജെ.പി സ്ഥാനാർത്ഥികളെ സർപ്രൈസ് സ്ഥാനാർത്ഥികളെന്ന് വിശേഷിപ്പിക്കാം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കിയതിലൂടെ രാഹുൽഗാന്ധിക്കെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണെന്നത് വ്യക്തം. അതുപോലെയാണ് കൊല്ലത്ത് കൃഷ്ണകുമാറിന്റെയും സ്ഥാനാർത്ഥിത്വം. കൃഷ്ണകുമാർ ഇതാദ്യമായല്ല തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി നല്ല മത്സരം കാഴ്ചവച്ച ചരിത്രമുണ്ട്. നാല് മക്കളുള്ള കൃഷ്ണകുമാറിന്റെ മൂത്തമകൾ അഹാന മലയാളസിനിമയിലെ മുൻനിര നടികളിൽ ഒരാളാണ്. അഹാനയും സഹോദരിമാരും സമൂഹമാദ്ധ്യമങ്ങളിലെ അറിയപ്പെടുന്ന താരങ്ങളാണ്. തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ ഇവരുടെ നേതൃത്വത്തിലായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ഇവർ കൊല്ലത്തേക്കും എത്തുന്നതോടെ പ്രചാരണത്തിന് താരപരിവേഷം കൈവരും. എതിർഭാഗത്ത് മുകേഷിന്റെ സാന്നിദ്ധ്യവും കൂടിയാകുന്നതോടെ മത്സരം കടുകട്ടിയാകുമെന്നുറപ്പാണ്.

ബി.ജെ.പി മുൻകാല തിരഞ്ഞെടുപ്പ് പോലെ മത്സരിക്കാൻ വേണ്ടി മാത്രമൊരു സ്ഥാനാർത്ഥിയെ നിർത്തുകയല്ല, മറിച്ച് ജയിക്കാൻ വേണ്ടിയാണെന്ന പ്രചാരണം ഊർജ്ജിതമാക്കുന്നതോടെ ത്രികോണപ്പോരിൽ മണ്ഡലം ഇളകിമറിയും. കൃഷ്ണകുമാർ എത്തിയതോടെ എൻ.കെ പ്രേമചന്ദ്രന്റെ ക്യാമ്പിലും ഇളക്കം തട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകൾ പോലെ ഇക്കുറി ഒരു ഈസി വാക്കോവർ പ്രേമചന്ദ്രന് അസാദ്ധ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രേമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാണെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയായ ആർ.എസ്.പി യുടെ നില ഏറെ പരുങ്ങലിലാണെന്നതിനാൽ ഒറ്റയാൾ പോരാട്ടമാണ് അദ്ദേഹം നടത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അത് തന്നെയായിരുന്നു സ്ഥിതി. പിന്നെ സഹായം എത്തേണ്ടത് കോൺഗ്രസിൽ നിന്നാണ്. കോൺഗ്രസിൽ നിന്ന് പ്രേമചന്ദ്രന് എന്തായാലും സാമ്പത്തികമായി സഹായം ലഭിക്കുന്ന കാര്യം സംശയത്തിലാണ്. കോൺഗ്രസിന്റെ ഫണ്ടുകൾ മരവിപ്പിച്ചതിനാൽ പാർട്ടി തന്നെ ഏറെ ബുദ്ധിമുട്ടിലായിട്ടുണ്ട്.

കേരളത്തിലെ ഭരണവിരുദ്ധ വികാരവും പിണറായി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ, പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ദുരൂഹ മരണം ഇവയൊക്കെയാണ് യു.ഡി.എഫിന്റെ പ്രചരണ വിഷയങ്ങളെങ്കിൽ കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയും സാമ്പത്തികമായി ഞെരുക്കുന്നതും സി.എ.എ വിരുദ്ധതയുമാണ് എൽ.ഡി.എഫ് പ്രധാനമായും പ്രചാരണമാക്കുന്നത്. എൻ.ഡി.എ ആകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗാരണ്ടിയിലൂന്നിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. കേരളത്തിൽ നിന്ന് ഇടത്, വലത് മുന്നണിയിൽ പെട്ട ആരെ ജയിപ്പിച്ചു വിട്ടാലും കേന്ദ്രത്തിലെത്തി പ്രതിപക്ഷത്തിരിക്കാൻ വേണ്ടി എന്തിന് വോട്ട് ചെയ്യണമെന്നും എൻ.ഡി.എ ചോദ്യമുന്നയിക്കുന്നു. പ്രാദേശിക വിഷയങ്ങൾ യു.ഡി.എഫും എൻ.ഡി.എ യും ഉന്നയിക്കുമ്പോൾ കേന്ദ്രവിരുദ്ധത തന്നെയാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.