
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽമോചിതനായ മുരുകന് യാത്രാ രേഖ അനുവദിച്ച്
ശ്രീലങ്കൻ ഹൈക്കമ്മിഷൻ. ഇതോടെ മുരുകന് ഇന്ത്യ വിടാനാകും.
യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജണൽ റെജിസ്‌ട്രേഷൻ ഓഫിസർ എക്സിറ്റ് അനുമതി നൽകിയാൽ മതിയാകും.
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയായിരുന്നു മുരുകനും മറ്റ് മൂന്ന് പേരും. മുരുകന്റെ ഭാര്യയും കേസിൽ ജയിൽ മോചിതയുമായ എസ്. നളിനി ഹൈക്കമ്മിഷനെ സന്ദർശിക്കാനുള്ള അനുമതിക്കായി റിട്ട് ഹർജി സമർപ്പിച്ചിരുന്നു. മകൾക്കൊപ്പം താമസിക്കാൻ യു.കെയിലേക്കു പോകാൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
ശ്രീലങ്ക പാസ്‌പോർട്ടും യാത്രരേഖകളും അനുവദിച്ച സാഹചര്യത്തിൽ ഇവർക്ക് ഇന്ത്യ വിടാം. 2022 നവംബറിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതരായെങ്കിലും, യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യമ്പിലേക്ക് മാറ്റിയിരുന്നു. കേസിൽ പ്രതിയായിരുന്ന
ശാന്തൻ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് മരിച്ചത്. ഇതോടെ മറ്റുള്ളവരുടെ മോചനത്തിനായുള്ള ആവശ്യം ശക്തമായിരുന്നു.