arrest

കായംകുളം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് മുല്ലേളിൽ കിഴക്കേതിൽ അബ്ദുൾ ഷിജി (34) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

31 കഞ്ചാവുചെടികൾ ഇയാളുടെ വീട്ടുമുറ്റത്ത് കണ്ടെത്തി. ഭാര്യയേയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം ഒറ്റയ്ക്ക് താമസിച്ചു വന്ന ഷിജി മാസങ്ങളായി ലഹരിവില്പന നടത്തി വന്നിരുന്നതായി പൊലീസ് പറഞ്ഞു.

ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയതിന് ശേഷം മയക്കുമരുന്നിന് അടിമയായിരുന്നു ഇയാൾ. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും കായംകുളം സി.ഐ സുധീർ, എ.എസ്.ഐ രതീഷ് ബാബു, സി.പി.ഒമാരായ സബീഷ്, ബിജു എന്നിവരുമാണ് പരിശോധനയിൽ പങ്കെടുത്തത്.