
കുട്ടികളുടെ വേനലവധിയുടെ സ്വഭാവവും അർത്ഥവും തന്നെ മാറി. സാങ്കേതികവിദ്യ ഉപയോഗിച്ച് വിനോദങ്ങളിൽ ഏർപ്പെടുന്നവരുടെ കൂട്ടത്തിൽത്തന്നെ, അത് ദുരുപയോഗം ചെയ്യുന്നവരുമുണ്ടാകാം. അദ്ധ്യാപകരും രക്ഷിതാക്കളും അല്പം മനസ്സുവച്ചാൽ ഈ അവധിക്കാലം കുട്ടികൾക്ക് പ്രയോജനമുള്ളതാക്കാം.
ദിവസവും അരമണിക്കൂർ നേരമെങ്കിലും വായനയ്ക്കായി മാറ്റിവയ്ക്കണം. അത് പത്രമാദ്ധ്യമങ്ങളോ നോവലോ ചെറുകഥകളോ മറ്റ് സാഹിത്യ ഗ്രന്ഥങ്ങളോ ആകാം.
ചിത്രം വരയ്ക്കാൻ കഴിയുന്നവരും പാട്ടുപാടാൻ കഴിയുന്നവരും നൃത്തം ചെയ്യാൻ കഴിയുന്നവരും അത് തുടരുകയോ തുടങ്ങുകയോ ചെയ്യാം.
സ്ക്രീൻ (മൊബൈൽ, ടാബ്, ലാപ്ടോപ്പ്) ഉപയോഗിച്ചുള്ള വിനോദങ്ങൾക്ക് ഒരു നിശ്ചിത സമയം മാറ്റിവയ്ക്കാം. അത് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലായാൽ അത്രയും നന്ന്. നിശ്ചിത സമയം കഴിയുമ്പോൾ കുട്ടികൾ തന്നെ രക്ഷിതാക്കളെ മൊബൈൽ തിരികെ ഏല്പിക്കുന്ന സംവിധാനം ഉണ്ടാകണം.
വീട്ടിലോ വീടിനടുത്തോ ഉള്ള മുതിർന്നവരുമായി, ജീവിതത്തിലെ അവരുടെ വീഴ്ചകളുടെയും വിജയങ്ങളുടെയും അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം ഒരുക്കിക്കൊടുക്കാം.
സ്വന്തം പ്രദേശത്തിന്റെ ചരിത്രം മനസിലാക്കാൻ അവരെ സഹായിക്കാം. ജില്ല, താലൂക്ക്, പഞ്ചായത്ത്, വില്ലേജ്, വാർഡ് തലങ്ങളിലെ ഭരണ സംവിധാനങ്ങൾ പരിചയപ്പെടുത്താം (ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികൾക്കും സ്വന്തം പഞ്ചായത്തോ വില്ലേജോ ഏതെന്നു പോലും അറിയാത്ത സാഹചര്യമുണ്ട്).
വായനശാലകളും ക്ലബ്ബുകളും സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ നിശ്ചയമായും കുട്ടികളെ പങ്കെടുപ്പിക്കുക.ചുറ്റുപാടും നടക്കുന്ന കലാ- കായിക മത്സരങ്ങളിൽ അവരെക്കൂടി പങ്കെടുപ്പിക്കുക.
കുടുംബാംഗങ്ങളുമൊന്നിച്ച് വിനോദയാത്ര പ്ലാൻ ചെയ്യുക. ദൂരെയെങ്ങും പോകാൻ കഴിഞ്ഞില്ലെങ്കിലും സ്വന്തം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കുടുംബത്തോടൊപ്പം സന്ദർശിക്കാൻ സമയം കണ്ടെത്തുക.
വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കുവാൻ കുട്ടികൾക്ക് അവസരം കൊടുക്കാതെ കൃഷിയിടങ്ങളിലേക്കും പ്രകൃതിയുടെ മനോഹാരിതയിലേക്കും തിരിച്ചുവിടുക.അടുക്കളത്തോട്ടത്തിന്റെ പരിപാലനം കുട്ടികളെ ഏൽപ്പിക്കുക.
കുടുംബത്തിന്റെ വരവു ചെലവിന്റെ കണക്ക് തയ്യാറാക്കാൻ കുട്ടികൾക്ക് അവസരം നൽകുക. സമ്പത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ മാത്രമല്ല, ധൂർത്തും അനാവശ്യ ചെലവുകളും നിയന്ത്രിക്കാനും ഇതിലൂടെ അവരെ ശീലിപ്പിക്കാം.
 മാതാപിതാക്കൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലോ സ്ഥലത്തോ ഒരു തവണയെങ്കിലും കുട്ടികളെ കൊണ്ടുപോവുക. മാതാപിതാക്കളുടെ ജോലി സാഹചര്യവും ബുദ്ധിമുട്ടുകളും കുട്ടികൾ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ അവരെ ഏൽപ്പിക്കുക. ഉദാഹരണത്തിന്, അവരവർ കഴിച്ച പാത്രം കഴുകിവയ്ക്കുക, സ്വന്തം വസ്ത്രം അലക്കുക, അടുത്ത കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുക... തുടങ്ങിയവയൊക്കെ ആകാം.
നീന്തൽ പോലെയുള്ള കായികാഭ്യാസങ്ങൾ പരിശീലിപ്പിക്കാൻ പറ്റിയ സമയമാണിത്. കുട്ടികളുടെ സൗഹൃദം വിലയിരുത്തുക. നല്ലൊരു സാമൂഹിക ജീവിയായി വളരാൻ സൗഹൃദങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ അവരുടെ നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കണം. ഒപ്പം, അനാവശ്യ കൂട്ടുകെട്ടുകൾ നിയന്ത്രിക്കുകയും വേണം.
അവധിക്കാലത്ത് അതിരു കവിഞ്ഞ നിയന്ത്രണങ്ങളും കർക്കശ ഭാവവും കുട്ടികളോടു വേണ്ട. അത് അവരിൽ നെഗറ്റീവ് ഫലം ഉണ്ടാക്കും.
 കുട്ടികളോട് സ്നേഹവും കരുതലും വിശ്വാസവും കാണിക്കുന്നതിനൊപ്പം, മാതൃകാ ജീവിതം കാട്ടിക്കൊടുക്കുക. അവരെ ഉപദേശിക്കുന്നതിനേക്കാൾ നല്ലതും പ്രയോജനകരവും നമ്മുടെ പ്രവൃത്തികളിലൂടെ അതിലേക്ക് നയിക്കുന്നതാകും.
(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ബാലാവകാശ പ്രവർത്തകനുമാണ് ലേഖകൻ)