ship

വാഷിംഗ്ടൺ:അമേരിക്കയിൽ മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമൂർ തുറമുഖത്തിന് സമീപമുള്ള കൂറ്റൻ ഉരുക്ക് പാലം കണ്ടെയ്‌നർ കപ്പൽ ഇടിച്ചു പൂർണമായും തകർന്ന് പതാപ്‌സ്‌കോ നദിയിൽ വീണു. നിരവധി വാഹനങ്ങളും പാലത്തിൽ ജോലിചെയ്‌തിരുന്ന തൊഴിലാളികൾ ഉൾപ്പെടെ ഇരുപതോളം ആളുകളും നദിയിൽ മുങ്ങി. രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാളുടെ നില ഗുരുതരമാണ്. എട്ട് ഡിഗ്രി വരെ തണുപ്പുള്ള വെള്ളത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു ( ഇന്ത്യൻ സമയം പകൽ 11 മണി ) അപകടം. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കപ്പലിന്റെ എൻജിൻ കേടായി ഇടിച്ചതാണെന്ന് റിപ്പോർട്ടുണ്ട്.

സിനർജി മറൈൻ ഗ്രൂപ്പിന്റെ 300മീറ്റർ നീളമുള്ള ഡാലി എന്ന ഭീമൻ ചരക്കുകപ്പൽ പാലത്തിന്റെ ഒരു തൂണിൽ ഇടിക്കുകയായിരുന്നു. സിംഗപ്പൂർ രജിസ്ട്രേഷനുള്ള കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. എല്ലാവരും സുരക്ഷിതരാണ്. ബാൾട്ടിമൂർ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പലിൽ വളരെ ഉയരത്തിൽ കണ്ടെയ്‌നറുകൾ അടുക്കിയിരുന്നു. ഇടിയുടെ ആഘാതത്തിൽ പാലം പല ഭാഗങ്ങളായി തകർന്ന് നദിയിൽ വീഴുകയായിരുന്നു. ഒരു ഭാഗം കപ്പലിന്റെ മുകളിലും വീണു. പാലം തകരുന്നതിനിടെ നിരവധി ചെറിയ സ്ഫോടനങ്ങൾ ഉണ്ടായി. അപകട ദൃശ്യങ്ങൾ വൈറലായി. മേരിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഫ്രാൻസിസ് സ്കോട്ട് കീ പാലം

47 വർഷം പഴക്കം

മൂന്ന് കിലോമീറ്റർ നീളം, നാലുവരി പാത

2023ൽ 8ലക്ഷം വാഹനങ്ങൾ കടന്നുപോയി

എന്താണ് സംഭവിച്ചത്

രാത്രി12.24ന് കപ്പൽ പുറപ്പെടുന്നു.

ക്രമേണ വേഗത കൂടി.

1.25 ന് ദിശമാറി. ഒപ്പം വേഗത കുറഞ്ഞു

കപ്പലിന്റെ പുറത്തുള്ള ലൈറ്രുകൾ അണഞ്ഞു.

ഫണലിൽ നിന്ന് പുക ഉയർന്നു.

രണ്ട് തവണ പുക കപ്പലിനെ മൂടി.

1.28ന് പാലത്തിന്റെ തൂണിൽ ഇടിച്ചു

സാദ്ധ്യതകൾ

1.എൻജിൻ തകരാറ്

2.സ്റ്റിയറിംഗ് തകരാറ്

3.ജനറേറ്റർ ബ്ലാക്ക്ഔട്ട്

4.പൈലറ്റിന്റെ പിഴവ്

അമേരിക്കൻ ദേശീയ ഗാനം (ദ സ്റ്റാർ സ്പാംഗിൾഡ് ബാനർ ) രചിച്ച ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരിൽ അറിയപ്പെടുന്ന പാലമാണ് തകർന്നത്.1814ലെ ബാൾട്ടിമൂർ യുദ്ധത്തിൽ വിജയിച്ച അമേരിക്കയുടെ 15 നക്ഷത്രങ്ങളുള്ള കൂറ്റൻ പതാകയാണ് ഫ്രാൻസിസ് സ്കോട്ട് കീക്ക് ദ സ്റ്റാർ സ്പാംഗിൾഡ് ബാനർ എന്ന കവിതയെഴുതാൻ പ്രചോദനമായത്. 1931ൽ അത് യു. എസ് ദേശീയഗാനമായി.