varghese

ചാലക്കുടി: പരിയാരത്ത് ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത. പരിയാരം തവളപ്പാറ പോട്ടോക്കാരൻ പൗലോസിന്റെ മകൻ വർഗീസ്(54) ആണ് മരിച്ചത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മകനെയും വീട്ടിലെ ജോലിക്കാരനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. മകൻ പോൾ വർഗീസ്, ജോലിക്കാരൻ തിരുവനന്തപുരം സ്വദേശി ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 20ന് വൈകീട്ടാണ് വർഗീസിനെ വീടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തലയിലും മറ്റുമുണ്ടായ മുറിവുകളിൽ നിന്നും രക്തം വാർ നിലയിലായിരുന്നു. ബന്ധുക്കളെത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരണപ്പെട്ടു. മകൻ പോൾ വർഗീസാണ് അന്ന് വീട്ടിലുണ്ടായിരുന്നത്. പരാതി ഉയർന്ന സാഹചര്യത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ് മോർട്ടം. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അടിയേറ്റാലും കോണിപ്പടിയിൽ നിന്നും വീണാലും ഇങ്ങനെ സംഭവിക്കാമെന്ന് റിപ്പോർട്ടിലുണ്ട്. ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലീസും പരിശോധന നടത്തി. അസുഖ ബാധിതനായ വർഗീഗീസിന് കോണിപ്പടി തനിച്ച് കയറാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നു. മകൻ പോൾ വർഗീസും പിതാവ് വർഗീസും തമ്മിൽ ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ടത്രെ. വർഗീസിന്റെ ഭാര്യ വിദേശത്താണ്. ഇളയ മകൻ ജെസിറ്റിൻ വർഗീസും വിദേശത്താണ്.