man

ന്യൂഡൽഹി: വ്യാജ തോക്ക് ലൈസൻസ് നിർമ്മിച്ചെന്ന കേസിൽ ജീവപര്യന്തം കഠിനതടവ് ലഭിച്ച

ഉത്തർപ്രദേശിലെ ഗുണ്ടാനേതാവും ബി.എസ്.പി മുൻ എം.എൽ.എയുമായ മുഖ്താർ അൻസാരി ആശുപത്രിയിൽ. വയറുവേദനയെ തുടർന്ന് ഇന്നലെ പുലർച്ചെ ബന്ദ ജില്ലയിലെ ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ജയിലിൽ വച്ച് അദ്ദേഹത്തിന് വിഷം നൽകിയെന്ന് ആശുപത്രിയിലെത്തിയ സഹോദരനും ഗാസിപൂർ എം.പിയുമായ അഫ്‌സൽ അൻസാരി ആരോപിച്ചു. മുഖ്താർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും പറഞ്ഞു. മുഖ്താർ അൻസാരിയുടെ ആരോഗ്യ നില പെട്ടെന്ന് വഷളാകുകയും രാത്രി ടോയ്‌ലെറ്റിൽ വീഴുകയും ചെയ്‌തതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ജയിൽ വകുപ്പ് പ്രസ്‌താവനയിറക്കി. ഉടൻ തന്നെ ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചെന്നും ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും പൊലീസ് അറിയിച്ചു. എന്നാൽ വിഷം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ചില്ല. അടിവയറ്റിൽ വേദനയുണ്ടെന്ന് പരാതിപ്പെട്ട് പുലർച്ചെ 3.55 നാണ് മുഖ്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ആരോഗ്യം തൃപ്തികരമാണ്. 34 വർഷം പഴക്കമുള്ള കേസിലാണ് വാരാണസിയിലെ ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷിച്ചത്.

രണ്ടു ലക്ഷത്തിൽപ്പരം രൂപ പിഴയുമിട്ടു. അഞ്ചുവട്ടം എം.എൽ.എ ആയിരുന്നു. ജില്ലാ മജിസ്ട്രേട്ടിന്റെയും എസ്.പിയുടെയും വ്യാജ ഒപ്പിട്ട തോക്ക് ലൈസൻസ് നിർമ്മിച്ച് ഉപയോഗിച്ചെന്നാണ് ആരോപണം. കോൺഗ്രസ് നേതാവ് അജയ് റായിയുടെ സഹോദരൻ അവദേഷ് റായിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവ് ലഭിച്ചു. 60ൽപ്പരം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതുവരെ എട്ടിലധികം ക്രിമിനൽ കേസുകളിൽ ശിക്ഷ ലഭിച്ചു.കഴിഞ്ഞ വർഷം ഉത്തർപ്രദേശ് പോലീസ് പുറത്തിറക്കിയ 66 ഗുണ്ടാസംഘങ്ങളുടെ പട്ടികയിൽ ഇയാളുടെ പേരുണ്ടായിരുന്നു.

തനിക്ക് വിഷം നൽകി

വ്യാജ ഏറ്റുമുട്ടലിൽ മുഖ്താർ അൻസാരിയെ കൊലപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന് കുടുംബാംഗങ്ങൾ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തനിക്ക് ജയിലിൽ ഭക്ഷണത്തിൽ വിഷപദാർത്ഥം നൽകിയെന്ന് മുഖ്താർ ആരോപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അഫ്‌സൽ അൻസാരി പറഞ്ഞു. ആശുപത്രി അധികൃതരും സമ്മർദ്ദത്തിലാണ്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട്

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ചികിത്സാ ചെലവ് സർക്കാർ വഹിക്കുന്നില്ലെങ്കിൽ കുടുംബം ചെലവ് വഹിക്കുമെന്നും പറഞ്ഞു.

മാർച്ച് 21 ന് ബരാബങ്കി കോടതിയിൽ നടന്ന വാദത്തിനിടെ മുഖ്താറിന് 'സ്ലോ വിഷം" നൽകിയെന്നും അദ്ദേഹത്തിന്റെ നില വഷളായെന്നും മുഖ്താറിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. സന്ദർശക പട്ടികയിൽ പേരുണ്ടായിട്ടും അമ്മാവൻ അഫ്‌സൽ അൻസാരിയെ കാണാൻ അനുവദിച്ചില്ലെന്ന് മുഖ്താർ അൻസാരിയുടെ മകൻ ഉമർ അൻസാരി ആരോപിച്ചു.