
ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും തിരികെ വീട്ടിലെത്തിക്കുന്നതുവരെ തന്റെ പാർട്ടി ഉറങ്ങില്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര സർക്കാരിന്റെ വികസനപദ്ധതികൾ കണ്ട് 'ഇന്ത്യ" മുന്നണിയുടെ ഉറക്കം നഷ്ടപ്പെട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡി.എം.കെയ്ക്ക് ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 2014ൽ ഗ്യാസ് സിലിണ്ടർ വില 450 രൂപയായിരുന്നു എന്നാൽ ഇന്നത് 1,200 രൂപയാണ്. തിരഞ്ഞെടുപ്പ് വന്നതോടെ മോദി നാടകം ആരംഭിച്ചു. സിലിണ്ടറിന് നൂറുരൂപ കുറച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അഞ്ഞൂറുരൂപ കൂട്ടും. ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോൾ തമിഴ്നാടിനെ മോദി തിരിഞ്ഞുനോക്കിയില്ല. നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തോട് ധനസഹായം അഭ്യർത്ഥിച്ചിരുന്നെന്നും ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ലെന്നും ഉദയനിധി പറഞ്ഞു.