
ഭുവനേശ്വർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി ഒഡിഷയിലെ ബി.ജെ.പി നേതാവ് എം.എ.ഖരബേല സ്വയിൻ. ബാലസോർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മുൻ കേന്ദ്രമന്ത്രിയും സിറ്റിംഗ് എം.പിയുമായ പ്രതാപ് സാരംഗിയെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സ്വയിന്റെ നീക്കം. പ്രധാനമന്ത്രിയുടെ പേരിൽ പ്രചാരണം നടത്തുമെന്നും ആരാണ് യഥാർത്ഥ ബി.ജെ.പിയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ ബി.ജെ.പി വിടില്ല. പാർട്ടിക്ക് തനിക്കെതിരെ നടപടിയെടുക്കാം. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ബി.ജെ.പിയിൽ ചേരുമെന്നും സ്വയിൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബി.ജെ.പിക്കുള്ളിലെ ഗൂഢാലോചനക്കാരുടെ സംഘമാണ് തനിക്ക് ടിക്കറ്റ് നിഷേധിച്ചതിന് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു.1998 മുതൽ 2009 വരെ ബാലസോർ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവാണ് സ്വയിൻ. ഞായറാഴ്ചയാണ് 21 ലോക്‌സഭ സീറ്റുകളിൽ 18 സീറ്റുകളിലേക്ക് നാല് സിറ്റിംഗ് എം.പിമാരെ ഒഴിവാക്കി ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.