
ഹൈദരാബാദ്: തെലങ്കാന ഫോൺ ചോർത്തൽ കേസിൽ ബി.ആർ.എസ് പാർട്ടി പ്രതിരോധത്തിലായിരിക്കെ പുതിയ വിവരങ്ങൾ പുറത്ത്. നിലവിലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ചോർത്താൻ ഇസ്രയേലിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചെന്നാണ് റിപ്പോർട്ട്.
ഒരു സോഫ്റ്റ്‌വെയർ കമ്പനിയെ മറയാക്കി അനധികൃതമായി ഉപകരണങ്ങൾ എത്തിച്ചു. ഇതിന് കേന്ദ്രാനുമതി ഇല്ല.
തുടർന്ന് രേവന്ത് റെഡ്ഡിയുടെ വീടിന് സമീപം ഫോൺ ചോർത്താനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. 300 മീറ്റർ ചുറ്റളവിലുള്ള സംഭാഷണങ്ങളെല്ലാം ഉപകരണം വഴി ചോർത്തിയിരുന്നതായും റിപ്പോർട്ടുവന്നു.
വിവാദത്തിൽ പ്രതിക്കൂട്ടിലാണ് കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി. റാവു സർക്കാരിന്റെ കാലത്ത് പൊലീസ് രേവന്ത് റെഡ്ഡിയുൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കളുടെയും വ്യവസായികളുടെയും പ്രമുഖരുടെയും ഫോൺ ചോർത്തിയെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. ഫോൺ ചോർത്തലിലും ഇതിനോട് അനുബന്ധിച്ച് നടന്ന പണം തട്ടൽ ഉൾപ്പെടെയുള്ള ആരോപണങ്ങളിലുമാണ് ചോദ്യങ്ങളുയരുന്നത്. ബി.ആർ.എസ് പാർട്ടി ഫണ്ടിലേക്ക് ഭീമമായ തുക സംഭാവന ചെയ്യുന്നതിനായി ബിസിനസുകാരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനും ഈ ചോർത്തൽ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. എന്നാൽ ബി.ആർ.എസ്. നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംഭവത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ അഡിഷണൽ പൊലീസ് സൂപ്രണ്ട് ഭുജംഗ റാവു, അഡിഷണൽ പൊലീസ് സൂപ്രണ്ട് തിരുപതണ്ണ എന്നിവർ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ അമേരിക്കയിലുള്ള സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവി ടി.പ്രഭാകർ റാവുവിന് നോട്ടിസ് അയച്ചിട്ടുണ്ട്. തെലുങ്ക് ടി.വി ചാനൽ വൺ ന്യൂസ് നടത്തുന്ന ശരവൺ റാവു, പൊലീസ് ഉദ്യോഗസ്ഥർ രാധാ കിഷൻ റാവു എന്നിവർക്കും ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.