
നല്ല വായു ശ്വസിക്കാനാവുക എന്നതും ഒരു മനുഷ്യാവകാശമാണ്. ഭരണഘടനയിൽ ഇത്തരമൊരു അവകാശത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞിട്ടില്ലാത്തതുകൊണ്ടും, ഭൂമിയിൽ നല്ല വായുവിന്റെ അളവ് ക്രമേണ കുറഞ്ഞുവരുന്നതിന് എല്ലാവരും ഒരുപോലെ ഉത്തരവാദികളായതുകൊണ്ടും ഇക്കാലത്ത് ഏതു മനുഷ്യന്റെയും നല്ല ആഗ്രഹം കൂടിയായിത്തീരുന്നു, അത്! സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ വായുവിന്റെ ഗുണനിലവാരം കുറഞ്ഞവരുന്നതിന്റെ ചില കണക്കുകൾ ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണ തോത് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ ഇടയ്ക്കിടെ വായിച്ച്, ഭാഗ്യം; അത് നാട്ടിൽ നിന്ന് ഒരുപാട് ദൂരെയാണല്ലോ എന്ന് ആശ്വസിച്ചിരുന്ന തലസ്ഥാന താമസക്കാർക്ക് ആശങ്കയുളവാക്കുന്നതാണ് ഈ അന്തരീക്ഷ വർത്തമാനം.
വായുവിൽ കലർന്നിരിക്കുന്ന ചെറു കണികാ പദാർത്ഥങ്ങളുടെ അളവിനനുസരിച്ചാണ് വായുവിന്റെ ഗുണനിലവാരം നിശ്ചയിക്കുക. ഇങ്ങനെ, അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നവയും, 2.5 മൈക്രോണിന് താഴെയുള്ളതുമായ കണികാ പദാർത്ഥങ്ങളുടെ അളവ് (പി.എം 2.5) തിരുവനന്തപുരം നഗരാന്തരീക്ഷത്തിൽ കൂടുതലാണെന്നാണ് ഐ.ക്യു എയർ എന്ന അന്താരാഷ്ട്ര എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. ഈ പറഞ്ഞ കണികാ പദാർത്ഥങ്ങളുടെ തോത്, ലോകാരോഗ്യ നിഷ്കർഷിച്ചിരിക്കുന്നതിലും വളരെക്കൂടുതലാണ്. അതായത്, 10 എന്ന തോതിനു പകരം 22.3 മുതൽ 44.5 വരെ! തിരുവനന്തപുരം ഒരു വ്യവസായ നഗരമല്ല. അന്തരീക്ഷത്തിലേക്ക് വിഷപ്പുക തുപ്പുന്ന ഫാക്ടറികളുടെ കാര്യത്തിൽ മുമ്പിലുള്ള കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ ഹരിതാഭമായ അനന്തപുരിയിലെ വായു ഇതിലും ഗുണനിലവാരമേറിയതാകേണ്ടതാണ്.
അതിവേഗമുള്ള നഗരവത്കരണമാണ് തലസ്ഥാനത്തിന്റെ അന്തരീക്ഷത്തെ മലിനമാക്കുന്നതും, ശ്വസനവായുവിന് കനം കൂട്ടുന്നതുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. വ്യവസായവത്കരണം പോലെയല്ല നഗരവത്കരണം. വ്യവസായങ്ങൾ ആകാശത്തേക്ക് വിഷപ്പുക പ്രസരിപ്പിക്കുന്ന അപകടം വരുത്തുമ്പോൾ നഗരവത്കരണം ചീത്തയാക്കുന്നത് കുറേക്കൂടി താഴ്ന്ന വായുനിലയിലാണ്. തുടർച്ചയായ നിർമ്മാണപ്രവൃത്തികളാണ് നഗരവത്കരണത്തിന്റെ ഒരു പ്രകൃതം. കെട്ടിടനിർമ്മാണസ്ഥലങ്ങളിൽ നിന്നും റോഡ് നിർമ്മാണ സ്ഥലങ്ങളിൽ നിന്നും ഉയരുന്ന കോൺക്രീറ്ര് പൊടിയാണ് ഏറ്റവും വലിയ വില്ലൻ. ഇതിനൊപ്പം അതിവേഗം പെരുകുന്ന വാഹനങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം കൂടിയാകുമ്പോൾ തലസ്ഥാനവാസികളുടെ ശ്വാസവായു അതിവേഗം മലിനമായിക്കൊണ്ടിരിക്കും. ശ്വസനേന്ദ്രിയങ്ങളിലേക്ക് നേരിട്ട് കടന്നുചെല്ലുന്ന ഈ ചെറുകണികകൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ ശ്വാസകോശവുമായി ബന്ധപ്പെട്ടതു മാത്രമല്ല താനും! അതേസമയം, വായുവിന്റെ ഗുണനിലവാരം സൂക്ഷിക്കാൻ നിർമ്മാണപ്രവൃത്തികൾ നിറുത്തിവയ്ക്കാനും വയ്യ.
കെട്ടിട നിർമ്മാണ സ്ഥലത്തുനിന്നും, റോഡ് നിർമ്മാണം നടക്കുന്നയിടങ്ങളിൽ നിന്നുമുള്ള ചെറുധൂളികൾ കാറ്റിൽ പടരുന്നത് പരമാവധി നിയന്ത്രിച്ച്, അവിടെത്തന്നെ അടിഞ്ഞുകിടക്കാൻ സഹായിക്കുന്ന തരം ഡസ്റ്റ് നെറ്രുകളുണ്ട്. വീടുകൾക്കുള്ളിലേക്ക് വായുവിലെ ഈ 'അപകടപ്പൊടി" അതിക്രമിച്ചു കടക്കാതെ സൂക്ഷിക്കാനുള്ള നെറ്റുകളുമുണ്ട്. ഇവയുടെ ഉപയോഗം വ്യാപകമാക്കുന്നതിനൊപ്പം നിർമ്മാണസ്ഥലങ്ങളിൽ ഇടയ്ക്കിടെ വെള്ളം സ്പ്രേ ചെയ്ത് ധൂളി പടരുന്നത് തടയുകയും, അന്തരീക്ഷം തണുപ്പിക്കുകയും ചെയ്യാം. നിർമ്മാണ ജോലി ഏറ്റെടുത്തിരിക്കുന്ന കരാറുകാർ സ്വമേധയാ ഇതൊക്കെ ചെയ്യുമെന്ന് വിചാരിക്കാനാവില്ല. ധൂളീനിയന്ത്റണത്തിന് സർക്കാർ തന്നെ ചട്ടവും മാർഗരേഖയും പുറപ്പെടുവിക്കണം. നമ്മൾ ശ്വസിക്കുന്ന വായു നമ്മൾ കരുതുന്നതുപോലെ അത്ര ഗുണമുള്ളതല്ലെന്നും, അത് മികച്ച നിലവാരത്തോടെ സൂക്ഷിക്കേണ്ട പ്രാഥമിക ഉത്തരവാദിത്വം നമുക്കു തന്നെയാണെന്നും ഓരോരുത്തരും തിരിച്ചറിയുകയും വേണം. കാരണം, നല്ല വായുവാണ് നല്ല ആരോഗ്യത്തിന് ആദ്യം വേണ്ടത്.