water

ബംഗളൂരു: കനത്ത കുടിവെള്ള ദൗര്‍ലഭ്യം അനുഭവിക്കുന്നതിനിടെ വെള്ളം പാഴാക്കിയതിന് പിഴയിട്ട് അധികൃതര്‍. വേനല്‍ കനത്തതോടെയാണ് ജലദൗര്‍ലഭ്യം രൂക്ഷമായത്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ വറുതിക്കാലത്ത് ധാരാളിത്തം കാണിച്ചവര്‍ക്കാണ് ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് പിഴയിട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനകം 1.10 ലക്ഷം രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്.

വെള്ളം അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അധികൃതര്‍ നേരത്തെ നഗരവാസികളോട് നിര്‍ദേശിച്ചിരുന്നു. നഗരത്തിന്റെ തെക്ക്-കിഴക്ക് ഭാഗത്താണ് മിക്ക പരാതികളും രജിസ്റ്റര്‍ ചെയ്യുന്നതെന്നും പരാതികള്‍ക്കൊപ്പം വെള്ളം മിതമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെന്നും ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ റാം പ്രശാന്ത് മനോഹര്‍ പറഞ്ഞു.

നഗരത്തില്‍ വാഹനങ്ങള്‍ വൃത്തിയാക്കല്‍, പൂന്തോട്ടപരിപാലനം, കെട്ടിട നിര്‍മാണം, ജലധാരകള്‍ പ്രവര്‍ത്തിപ്പിക്കല്‍ തുടങ്ങിയവക്ക് വെള്ളം ഉപയോഗിക്കുന്നതിന് ഈ മാസം ആദ്യം ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.നഗരത്തില്‍ അനുദിനം താപനില ഉയര്‍ന്നത് ജല ദൗര്‍ലഭ്യത്തിന് കാരണമായി. ഇതോടെയാണ് അധികൃതര്‍ നിയന്ത്രണം കടുപ്പിച്ചത്.

ബംഗളൂരു മഹാനഗരത്തില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ (എം.എല്‍.ഡി) ക്ഷാമം നേരിടുന്നുണ്ടെന്ന് മാര്‍ച്ച് പകുതിയോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. 2600 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് യഥാര്‍ത്ഥത്തില്‍ നഗരത്തിന് വേണ്ടത്. ബംഗളൂരുവിലെ 14,000 കുഴല്‍ക്കിണറുകളില്‍ 6,900 എണ്ണവും വറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.