petrol

തിരുവനന്തപുരം: നോട്ട് നിരോധന വേളയില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്ന് പറഞ്ഞ ഒരു വാചകം ഇപ്പോഴും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. 50 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്നതായിരുന്നു അത്. ഈ പ്രസ്താവനയുടെ പേരില്‍ രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധിക്കുമ്പോഴെല്ലാം കെ സുരേന്ദ്രനെ കോണ്‍ഗ്രസ്, സിപിഎം അണികള്‍ ട്രോളാറുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുരേന്ദ്രന്‍.

എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തിയാല്‍ 50 രൂപയ്ക്ക് പെട്രോള്‍ കിട്ടുമോയെന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്നാണ് പരിഹസിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചത്. ഇത്തരത്തിലുള്ള നിരവധി പ്രചാരണങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്നുണ്ടെന്നും എകെജി സെന്ററില്‍ നിന്നുള്ള ഇതുപോലത്തെ ക്യാപ്‌സൂളുകള്‍ മാദ്ധ്യമങ്ങള്‍ ഏറ്റെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇത് എ.കെ.ജി സെന്ററില്‍ നിന്നല്ല താങ്കള്‍ തന്നെ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെക്കാള്‍ ഗൗരവമുള്ള എത്ര വിഷയങ്ങളുണ്ട് ചര്‍ച്ച ചെയ്യാനെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരും തനിക്കെതിരെ ക്യാപസ്യൂള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വയനാടിന്റെ പ്രശ്നങ്ങള്‍ പൂര്‍ണമായും പഠിച്ച് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് അങ്ങോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.