
റിയാദ്: എണ്ണയില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞത് സാമ്പത്തിക രംഗത്തെ ബാധിച്ചെങ്കിലും സൗദി അറേബ്യയില്‍ തൊഴിലവസരങ്ങള്‍ കുതിച്ചുയരുകയാണ്. സ്വകാര്യ മേഖലയിലെ തൊഴിലവസങ്ങളാണ് കുതിച്ചുയരുന്നത്. 2023ല്‍ മാത്രം പത്ത് ലക്ഷത്തിലധികം പേര്‍ സൗദിയില്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ചു.
എണ്ണയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കാതെ രാജ്യത്ത് നടപ്പിലാക്കി വരുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളാണ് സൗദി അറേബ്യയില്‍ ഇത്രയേറെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2022നെ അപേക്ഷിച്ച് 11.5 ശതമാനം വര്‍ദ്ധനവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതായി നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു.സ്ത്രീകളാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ നേടിയവരില്‍ 37 ശതമാനവും. നിര്‍മ്മാണം, ഗതാഗതം, സംഭരണം എന്നീ മേഖലകളില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി
.
ഈ മേഖലകളില്‍ 7,19,300 പേര്‍ പുതിയതായി ജോലിയില്‍ പ്രവേശിച്ചു. ഗതാഗത, സംഭരണ വ്യവസായത്തില്‍ 94,500-ലധികം പുതിയ സ്ഥാപനങ്ങളും, മൊത്ത-ചില്ലറ വ്യാപാര മേഖലയില്‍ 73,300 പുതിയ സ്ഥാപനങ്ങളും കഴിഞ്ഞ വര്‍ഷം സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം വരെയുള്ള കണക്കനുസരിച്ച് സൗദിയിലെ സ്വകാര്യ മേഖലയില്‍ ആകെ 11.1 ദശലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അതില്‍ 2.3 ദശലക്ഷം പേര്‍ സ്വദേശികളും 8.8 ദശലക്ഷം പേര്‍ വിദേശികളുമാണ്. വനിതാ ജീവനക്കാരില്‍ 9,61,690 പേര്‍ സ്വദേശികളും, 3,48,892 പേര്‍ വിദേശികളുമുണ്ട്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികളുടെ എണ്ണവും കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.