
അഫ്ഗാനിസ്ഥാൻ 2 - ഇന്ത്യ 1
ഗോഹട്ടി : ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ മേഖലാ യോഗ്യത റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ. ഗോഹട്ടിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അഫ്ഗാന്റെ വിജയം. സ്വന്തം മണ്ണിൽ ആദ്യം ഗോൾ നേടാൻ കഴിഞ്ഞിട്ടും ഇന്ത്യയുടെ പിടിവിട്ടുപോവുകയായിരുന്നു.
തന്റെ 150-ാം മത്സരത്തിനിറങ്ങിയ നായകൻ സുനിൽ ഛെത്രി 38-ാംമിനിട്ടിൽ പെനാൽറ്റിയിലൂടെ നേടിയ ഗോളിന് ഇന്ത്യ ആദ്യ പകുതിയിൽ മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് അഫ്ഗാൻ രണ്ടുഗോളുകളും നേടിയത്. 70-ാം മിനിട്ടിൽ റഹ്മത്ത് അക്ബരിയും 88-ാം മിനിട്ടിൽ ഷരിഫ് മുഖമ്മദുമാണ് അഫ്ഗാനിസ്ഥാനുവേണ്ടി ഗോളുകൾ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യ മുൻതൂക്കം കാട്ടിയെങ്കിലും ഒരു ഗോൾ നേടിയതോടെ പതിയെ ആവേശം തണുത്തിരുന്നു. രണ്ടാം പകുതിയിൽ അഫ്ഗാൻ താരങ്ങൾ രണ്ടും കൽപ്പിച്ച് ആക്രമണം കടുപ്പിച്ചപ്പോൾ ഇന്ത്യൻ പ്രതിരോധം നന്നായി വിയർക്കുകയും ചെയ്തു. പെനാൽറ്റിയുടെ രൂപത്തിലാണ് ഇന്ത്യയ്ക്ക് മുന്നിലേക്ക് ഗോളവസരമെത്തിയത്. കിക്കെടുത്ത നായകൻ സുനിൽ ഛെത്രി ഒട്ടും പ്രയാസപ്പെടാതെ 150-ാം മത്സരത്തിൽ സ്കോർ ചെയ്തു. എന്നാൽ ഛെത്രിയുടെയും കൂട്ടരുടെയും ആഘോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 68-ാം മിനിട്ടിൽ ഛെത്രിക്ക് പകരക്കാരനായി ലാലിയൻസുവാല കളത്തിലിറങ്ങുകയും ചെയ്തു. 70-ാം മിനിട്ടിൽ ഇന്ത്യയെ സമനിലയിൽ പിടിച്ച് അഫ്ഗാൻ മത്സരത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. കളി സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് പെനാൽറ്റിയിലൂടെ അഫ്ഗാന്റെ വിജയഗോൾ പിറക്കുന്നത്. എട്ടുമിനിട്ടോളം നീണ്ട ഇൻജുറി ടൈമിൽ ഇന്ത്യ സമനിലയ്ക്കായി പൊരുതിെങ്കിലും ഫലമുണ്ടായില്ല.
ഗ്രൂപ്പ് എയിലെ നാലുമത്സരങ്ങളിൽ ഇന്ത്യയുടെ രണ്ടാം തോൽവിയാണിത്.ഓരോ ജയവും സമനിലയുമായി നാലുപോയിന്റുള്ള ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.ആദ്യ ജയം നേടിയ അഫ്ഗാൻ നാലുപോയിന്റുമായി മൂന്നാമതുണ്ട്. ജൂണിൽ ഖത്തറുമായും കുവൈറ്റുമായാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ഇനിയുള്ള മത്സരങ്ങൾ.