
ഭൂമിയുടെ ഉത്തര ( ആർക്ടിക് ), ദക്ഷിണ ( അന്റാർട്ടിക്ക )ധ്രുവങ്ങളിലെ ഹിമാവരണം തുടർച്ചയായി ക്ഷയിക്കുന്നത് ആഗോള കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കുന്നു. അന്റാർട്ടിക് സമുദ്രത്തിലെ മഞ്ഞ് തുടർച്ചയായി മൂന്നാം വർഷവും റെക്കാഡ് തോതിലാണ് ഉരുകുന്നത്. അതേസമയം,46 വർഷമായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആർക്ടിക് മഞ്ഞ് പഴയ നിലയിലാകുന്ന ഒരു ലക്ഷണവുമില്ല. ധ്രുവപ്രദേശങ്ങളിൽ താരതമ്യേന ചൂടുള്ള സമുദ്രത്തിലെ താപവും ഈർപ്പവും മുകളിലുള്ള അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നത് തടയുന്നത് സമുദ്രത്തിലെ മഞ്ഞാണ്. അത് ക്ഷയിക്കുമ്പോൾ അന്തരീക്ഷ താപം കൂടും. ആ ചൂടിൽ ധ്രുവ മഞ്ഞ്
പിന്നെയും ഉരുകും. ഇതൊരു ചാക്രിക പ്രക്രിയയയായി തുടരുകയാണെന്ന് നാസ ഹിമ ശാസ്ത്രജ്ഞൻ ലിനറ്റ് ബോയിസ്വെർട്ട് പറയുന്നു.