liquor

കട്ടപ്പന: മാഹിയിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച 48 ലിറ്റർ വിദേശമദ്യ ശേഖരവുമായി രണ്ട് പേർ കട്ടപ്പന പൊലീസിന്റെ പിടിയിലായി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഒട്ടനവധി അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ചെറുതോണിയിൽ വാടകയ്ക്ക് താമസിക്കുന്ന തേക്കിലക്കാട്ടിൽ രാജേഷ് (43), മലപ്പുറം പാണ്ടിക്കാട് ആമപ്പാറയ്ക്കൽ ശരത് ലാൽ (32) എന്നിവരെയാണ് കട്ടപ്പന എസ്.ഐ സുനേഖ് ജെയിംസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യ ശേഖരവുമായി വള്ളക്കടവിൽ നിന്ന് പിടികൂടിയത്.

500 മില്ലി ഗ്രാമിന്റെ 98 മദ്യകുപ്പികളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. തോട്ടം മേഖലയിൽ ഉൾപ്പെടെ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കട്ടപ്പന, തങ്കമണി പൊലീസ് സ്റ്റേഷൻ പരിധികളിലായി രാജേഷിനെതിരെ ഒന്നിലധികം അബ്കാരി കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ നവംബറിലും മാഹിയിൽ നിന്നെത്തിച്ച 60 ലിറ്റർ മദ്യവുമായി രാജേഷും കൂട്ടാളിയും പിടിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.