patient

പുനലൂർ: കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി വിനോദ യാത്രയും കുടുംബ സംഗമവും നടത്തി പുനലൂരിലെ ഗവ.താലൂക്ക് ആശുപത്രി. പുനലൂർ നഗരസഭയിലെ പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി ദീർഘ കാലം കിടക്കയിൽ അഭയം പ്രാപിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയാണ് ഏകദിന വിനോദ യാത്രയും കുടുംബ സംഗമവും നടത്തിയത്.

ആശുപത്രി ജീവനക്കാർ വീടുകളിൽ ചെന്ന് രോഗികളെ കൂട്ടിക്കൊണ്ട് വരികയും തിരിച്ചാക്കുകയും ചെയ്തു. ഏരൂർ ഓയിൽ പാം എസ്റ്റേറ്റ്, കുളത്തൂപ്പുഴ വനം മൂസിയം എന്നിവ കേന്ദ്രീകരിച്ചായിരുന്നു യാത്ര നടത്തിയത്. പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ കുമാർ ഫ്ളാഗ് ഒഫ് ചെയ്ത യാത്ര ഇന്നലെ രാവിലെ 10ന് ആരംഭിച്ചു. യാത്രയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ ധാന്യക്കിറ്റുകളും നൽകി.

patients-and-staffs

പുനലൂർ നഗരസഭാ പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ, ആശ പ്രവർത്തകർ എന്നവർ യാത്രയ്ക്ക് നേതൃത്വം നൽകി. പുനലൂർ ദർശൻ ഗ്രാനൈറ്റ് ഉടമയും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ പരിപാടിക്ക് സാമ്പത്തിക സഹായവും പിന്തുണയും നൽകി. ഞങ്ങളും പരിചരണത്തിന് ' എന്ന പരിപാടിക്ക് പുനലൂർ നഗര സഭാ അദ്ധ്യക്ഷ, കൊല്ലം ജില്ലാ ഡി.പി.എം ഡോ.ദേവ് കിരൺ തുടങ്ങിയവർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകൻ റൊണാൾഡ് അവതരിപ്പിച്ച സ്നാക്സ് വിത്ത് മ്യൂസിക് പരിപാടിയും നടന്നു.