-ship

വാഷിംഗ്ടൺ: ബാൾട്ടിമോറിൽ പാലത്തിൽ ചരക്കുകപ്പൽ ഇടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രാദേശിക അധികാരികളെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രശംസിച്ചു. കപ്പലിലെ ജീവനക്കാരെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. അവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു.

'തങ്ങളുടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ കപ്പലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. അതിനാൽത്തന്നെ കപ്പൽ വരുന്നതിനുമുമ്പ് പാലം അടയ്‌ക്കാൻ പ്രാദേശിക അധികാരികൾക്ക് കഴിഞ്ഞു. ഇതുമൂലം നിരവധി പേരുടെ ജീവൻ രക്ഷപ്പെട്ടു.'- ബൈഡൻ പറഞ്ഞു. 'വിവരമറിഞ്ഞയുടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ച ധീരരായ രക്ഷാപ്രവർത്തകരോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ പുലർച്ചെ ഒന്നരയ്ക്കായിരുന്നു ( ഇന്ത്യൻ സമയം പകൽ 11 മണി ) അപകടമുണ്ടായത്. അമേരിക്കയിൽ മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോർ തുറമുഖത്തിന് സമീപമുള്ള കൂറ്റൻ ഉരുക്ക് പാലമാണ് കണ്ടെയ്‌നർ കപ്പൽ ഇടിച്ചു പൂർണമായും തകർന്ന് പതാപ്‌സ്‌കോ നദിയിൽ വീണത്. എത്ര പേര്‍ അപകടത്തിൽപ്പെട്ടിട്ടുണ്ട്, എത്ര പേരെ രക്ഷപ്പെടുത്താൻ സാധിച്ചു, തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആറ് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്.