ira

കൊച്ചി: ചക്രത്തട്ടിലെ കുതിപ്പും അടവുകളുമായി സ്കേറ്റ്ബോർഡിംഗിൽ ദേശീയ ചാമ്പ്യനായ ആറുവയസുകാരി ഐറയുടെ ലക്ഷ്യം ഒളിമ്പിക് കിരീടം. പങ്കെടുക്കാനുള്ള പ്രായം പതിനഞ്ച് ആയതിനാൽ കാത്തിരിക്കേണ്ടിവരുന്ന സങ്കടം മാത്രം. മൂന്ന് ദേശീയ ചാമ്പ്യൻഷിപ്പ് നേടുകയും വേണം.

ചണ്ഡിഗഡിൽ ഡിസംബറിൽ നടന്ന റോളർസ്കേറ്റിംഗ് ഫെഡറേഷന്റെ ദേശീയ ചാമ്പ്യൻഷിപ്പിൽ രണ്ടുസ്വർണം നേടി. 5-7 പ്രായപരിധിയിലെ പാർക്ക്സ്കേറ്റിംഗ്, സ്ട്രീറ്റ്സ്കേറ്റിംഗ് ഇനങ്ങളിലായിരുന്നു നേട്ടം. അടുത്തമാസം നടക്കുന്ന നാഷണൽ ഓപ്പൺ ചാമ്പ്യൻഷിപ്പിന് തയ്യാറെടുക്കുകയാണ്.

ഐറ അയ്മെൻഖാൻ സമൂഹമാദ്ധ്യമങ്ങളിലെ റീൽസ്‌ താരം കൂടിയാണ്. ഓണക്കാലത്ത് കസവുസാരിയുടുത്ത് നടത്തിയ സ്കേറ്റിംഗ് വീഡിയോ വൈറലായിരുന്നു.പിറന്നത് ലക്ഷദ്വീപിലെ കടമത്താണെങ്കിലും പിതാവ് നവാബ് ഷരീഫ്ഖാനും മാതാവ് റഫീയ മുഹമ്മദിനുമൊപ്പം കൊച്ചിയിലാണ് താമസം.

ബിസിനസ് ഡെവലപ്മെന്റ് മാനേജരായ നവാബ്, കടൽത്തിരകളിലൂടെയുള്ള സർഫിംഗിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. സ്കേറ്റിംഗും അറിയാം. മകളെ സർഫിംഗ് പരിശീലിപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് ചില വീഡിയോകൾ കാണിച്ചത്. ഐറയുടെ കണ്ണുടക്കിയത് കരയിലൂടെയുള്ള സ്കേറ്റ്ബോർഡിംഗിലാണ്. മൂന്നരവയസിൽ പരിശീലനം തുടങ്ങി. നവാബ് തന്നെയാണ് കോച്ച്.

ട്രിക്കുകൾ മുഖ്യം

ഏഴടി താഴ്ചയിൽ ബൗൾ ആകൃതിയിലുള്ള വേദിയിലാണ് പാർക്ക്സ്കേറ്റിംഗ്. സ്ട്രീറ്റ്സ്കേറ്റിംഗ് നിരപ്പായ പ്രതലത്തിൽ. ഒരുമിനിട്ടുവരെയാണ് മത്സരങ്ങളിൽ അനുവദിക്കുക. ചക്രബോ‌ർഡിൽ പായുന്നതിനൊപ്പം തിരിഞ്ഞും മറിഞ്ഞും ചാടിയുയർന്നും കൂപ്പുകുത്തിയുമുള്ള ട്രിക്കുകൾ കാണിക്കണം. ഒലീ, ഷവിറ്റ് തുടങ്ങിയ അടവുകളുടെ എണ്ണമനുസരിച്ച് പോയിന്റ് കൂടും.

7000 രൂപ:

കുട്ടികൾക്കുള്ള സ്കേറ്റ്ബോർഡിന് ശരാശരി 7000 രൂപയാകും. നിരന്തരം ഉപയോഗിച്ചാൽ ആറുമാസത്തിനകം മാറ്റിവാങ്ങേണ്ടിവരും