mohanlal

കൊച്ചി: മോഹൻലാലിന് ഡയറക്ടേഴ്സ് യൂണിയനിൽ മെമ്പർഷിപ്പ് . കൊച്ചിയിൽ നടന്ന ചലച്ചിത്ര തൊഴിലാളി സംഗമത്തിൽ സംവിധായകൻ സിബി മലയിലാണ് അദ്ദേഹത്തിന് അംഗത്വം കൈമാറിയത്. മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് സിനിമ കമലദളത്തിന്റെ മുപ്പത്തിരണ്ടാം വാർഷിക വേളയിലാണ് അംഗത്വം ലഭിക്കുന്നതെന്നാണ് പ്രധാന പ്രത്യേകത. 'ബറോസ്' എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞതോടെയാണ് മോഹൻലാലിന് തങ്ങളുടെ യൂണിയനിൽ അംഗത്വം നൽകാൻ ഫെഫ്‌കയിലെ ഡയറക്ടേഴ്സ് യൂണിയൻ തീരുമാനിച്ചത്.

കടവന്ത്ര- രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നുമണിയാേടെയാണ് ഫെഫ്‌കയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമം ആരംഭിച്ചത്. മലയാള സിനിമയുമായി ബന്ധപ്പെട്ട 21 ട്രേഡ് യൂണിയനുകളിൽ നിന്നായി അയ്യായിരത്തോളം അംഗങ്ങളാണ് ഇതിൽ പങ്കെടുക്കാൻ എത്തിയത്. മോഹൻലാൽ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, സിദ്ദിഖ്, ഐശ്വര്യ ലക്ഷ്മി, അനശ്വര രാജൻ തുടങ്ങി സിനിമാ ലോകത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.