
കിച്ചൺ ടിപ്സും, ഹെൽത്ത് ടിപ്സും, ബ്യൂട്ടീ ടിപ്സുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മുടി വളർച്ചയുമായി ബന്ധപ്പെട്ട് റോസ്മേരിയെപ്പറ്റിയുള്ള വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. റോസ്മേരി ഓയിൽ തേച്ച് മുടികൊഴിച്ചിൽ കുറഞ്ഞെന്നും ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുടിയിഴകൾ വന്നെന്നുമൊക്കെയാണ് വീഡിയോകളിൽ പറയുന്നത്. ഈ പറയുന്നതിലൊക്കെ വല്ല സത്യവുമുണ്ടോ? എന്താണ് ഈ റോസ്മേരി?
വളരെ നേർത്ത ഇലകളോടുകൂടിയ തീക്ഷ്ണ ഗന്ധമുള്ളൊരു ചെടിയാണ് റോസ്മേരി. സാലഡിനും സൂപ്പിനുമൊക്കെ മണവും ഗുണവുമൊക്കെ നൽകാൻ ഇതുപയോഗിക്കാറുണ്ട്. കാത്സ്യം, വിറ്റാമിൻ ബി, അയൺ എന്നിവയടങ്ങിയ റോസ്മേരി ഓർമശക്തി കൂട്ടാനും ഉത്തമമാണ്.
മാനസിക സമ്മർദം കുറയ്ക്കാനും റോസ്മേരി സഹായിക്കുമെന്ന് പറയപ്പെടുന്നു. മുടി കൊഴിച്ചിൽ അകറ്റുന്നതിനൊപ്പം മുടിക്ക് കരുത്ത് നൽകുകയും ചെയ്യുന്നു. തലയിലെ അഴുക്ക് കളയാനും ഇത് സഹായിക്കും. ഒന്നുകിൽ ദിവസവും ഉപയോഗിക്കുന്ന എണ്ണയ്ക്കൊപ്പം റോസ്മേരി കൂടി ചേർത്തുകൊടുക്കാം.
അല്ലെങ്കിൽ വെള്ളത്തിൽ റോസ്മേരിയിട്ട് നല്ലപോലെ തിളപ്പിക്കുക. ചൂടാറിയ ശേഷം സ്പ്രേ ബോട്ടിലാക്കി സൂക്ഷിക്കാം. ഒരാഴ്ചയോളം കേടാകാതിരിക്കും. രാവിലെയോ രാത്രിയോ ഇത് തലയിൽ എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ സ്പ്രേ ചെയ്തുകൊടുക്കാം. .