
ആദ്യ തവണ മാത്രമല്ല കോട്ടൻ വസ്ത്രങ്ങളും മറ്റും അലക്കുമ്പോൾ പലപ്പോഴും കളർ ഇളകാറുണ്ട്. മറ്റ് വസ്ത്രങ്ങൾക്കൊപ്പമിട്ടാണ് അലക്കുന്നതെങ്കിൽ ഈ കളർ അതിൽ പിടിക്കാനും സാദ്ധ്യതയുണ്ട്. അതോടെ അവ ഉപയോഗ ശൂന്യമാകുകയും ചെയ്യും.
പുതു വസ്ത്രങ്ങൾ അലക്കുമ്പോൾ ഒറ്റത്തവണ മാത്രം കളർ ഇളകിപ്പോകുകയും, പിന്നെ ഈ പ്രശ്നമുണ്ടാകാതിരിക്കാനും ഉപ്പും വിനാഗിരിയും ഉപയോഗിച്ചൊരു സൂത്രമുണ്ട്.
ചെയ്യേണ്ട രീതി
ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളമെടുക്കുക. ഇതിലേക്ക് ഉപ്പ് ഇട്ടുകൊടുക്കണം. രണ്ട് ലിറ്റർ വെള്ളമാണ് എടുത്തതെങ്കിൽ പകുതി ഗ്ലാസ് ഉപ്പ് എന്ന കണക്കിലാണ് ചേർക്കേണ്ടത്. ഇത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിൽ തുണിയിട്ട് മൂന്ന് മണിക്കൂർ കുതിർത്ത് വയ്ക്കുക. നന്നായി മുങ്ങിക്കിടക്കണം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പല കളറിലുള്ള തുണി ഒന്നിച്ചിടരുത്. കളർ ഇളകുന്ന തുണിയാണെങ്കിൽ, മൂന്ന് മണിക്കൂറുകൾക്ക് ശേഷം വെള്ളത്തിൽ കളർ ഉണ്ടാകും.
ഇനി ഈ തുണി സാധാരണ വെള്ളത്തിൽ നന്നായൊന്ന് മുക്കിയെടുക്കാം. ശേഷം മറ്റൊരു വെള്ളത്തിൽ രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് തുണി നന്നായി മുക്കി, വെള്ളം പിഴിഞ്ഞുകളയാം. ഇനി വെയിലത്തിട്ട് ഉണക്കിയെടുക്കാം. തുണികൾ ഒരിക്കലും കൊടും വെയിലിൽ ഉണക്കാനിടരുത്.