mamatha

ന്യൂ‌ഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അധിക്ഷേപിച്ച ബി. ജെ. പി നേതാവ് ദിലീപ് ഘോഷിനും ബി. ജെ. പി സ്ഥാനാർത്ഥി കങ്കണ റണൗട്ടിനെ ആക്ഷേപിച്ച കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇരു പാർട്ടികളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരുടെയും പരാമർശങ്ങൾ മാന്യത ഇല്ലാത്തതും പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും നോട്ടീസിൽ പറയുന്നു. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇരുവരും വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുമ്പ് ബോധിപ്പിക്കണമെന്നും നോട്ടീസിൽ നിർദ്ദേശിച്ചു.

മമതാ ബാനർജി സ്വന്തം പിതാവാരെന്ന് തീരുമാനിക്കണമെന്ന അധിക്ഷേപ പരാമർശത്തിൽ പാർട്ടി നേതാവ് ദിലീപ് ഘോഷിനോട് ബി.ജെ.പി നേതൃത്വം ഇന്നലെ വിശദീകരണം തേടി. തൃണമൂൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പരാമർശം സ്ത്രീകളെ അവഹേളിക്കുന്നതാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ചിരുന്നു. പിന്നാലെയാണ് ബി.ജെ.പി ദിലീപ് ഘോഷിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നിങ്ങളുടെ അഭിപ്രായങ്ങൾ പാർലമെന്ററി വിരുദ്ധവും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് എതിരുമാണെന്നും ഇത്തരം പരാമർശങ്ങളെ അപലപിക്കുന്നെന്നും പാർട്ടി ദിലീപിന് അയച്ച നോട്ടീസിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് മമതയ്ക്കെതിരെ ദിലീപ് അധിക്ഷേപ പരാമ‌ർശം നടത്തിയത്. ഗോവയുടെയും ത്രിപുരയുടെയും മകളാണ് താൻ എന്ന് അവകാശപ്പെടുന്ന മമത, പിതാവ് ആരാണെന്ന് തീരുമാനിക്കണമെന്നും ആരുടെയെങ്കിലും മകളാകുന്നത് നല്ലതല്ലെന്നുമായിരുന്നു പരാമർശം.

ബംഗാൾ ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ പരാമർശം പാർട്ടിക്ക് വലിയ ക്ഷീണമായി. പ്രത്യേകിച്ച്,​ കങ്കണ റണൗട്ടിനെ പറ്റി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വന്ന ലൈംഗികച്ചുവയുള്ള പരാമർശത്തിനെതിരെ പരാതിയുമായി നിന്നപ്പോൾ. ഹരിയാനയിലെ മണ്ഡി ലോക്സഭാ സീറ്റിലാണ് കങ്കണയുടെ കന്നി മത്സരം. സുപ്രിയയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ ഇലക്ഷൻ കമ്മിഷനും സോണിയാ ഗാന്ധിക്കും പരാതി നൽകിയിരുന്നു.