bijapuer

ബിജാപൂർ: ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ ഏറ്റുമുട്ടലിലൂടെ ആറ് മാവോയിസ്റ്റുകളെ വധിച്ചു. രണ്ട് വനിതാ കേഡർമാരുൾപ്പെടെ

ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവസ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരവും സ്ഫോടക വസ്‌തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. നിരവധി മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. സുരക്ഷ വർദ്ധിപ്പിച്ചു. കൊല്ലപ്പെട്ടവർ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് മൂന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കനത്ത ജാഗ്രതയിലായിരുന്നു പ്രദേശം.

ബസഗുഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിപ്പുർഭട്ടി ഗ്രാമത്തിനടുത്തുള്ള വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു സംഭവം. സേനയ്ക്ക് നേരെ വെടിവയ്‌പുണ്ടാകുകയും തിരിച്ചടിക്കുകയുമായിരുന്നു. വന മേഖലയിൽ മാവോയിസ്റ്ര് സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്), കോബ്ര തുടങ്ങിയവയുടെ സംയുക്ത ഓപ്പറേഷനാണ് നടന്നത്. വെടിവയ്പിനു ശേഷം നടത്തിയ തെരച്ചിലിനിടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഏപ്രിൽ 19 ന് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബസ്തർ ലോക്സഭാ മണ്ഡലത്തിലാണ് ബിജാപൂർ.

ഈ വർഷം ഛത്തീസ്ഗഢിൽ

കൊല്ലപ്പെട്ട മാവോയിസ്റ്രുകൾ- 37

സുരക്ഷാ ഉദ്യോഗസ്ഥർ-6

കഴിഞ്ഞ വർഷം

മാവോയിസ്റ്റുകൾ- 24

സുരക്ഷാ ഉദ്യോഗസ്ഥർ- 25