
''നമുക്കെല്ലാവർക്കും ഇന്നത്തെ ഈസ്റ്റർ ദിനത്തിൽ പരസ്പരം സ്നേഹവും സന്തോഷവും ആശംസിക്കാം! എന്നാൽ, ഈ വിശുദ്ധദിനം നൽകുന്ന യഥാർത്ഥ സന്ദേശമെന്തെന്ന് നമ്മൾ ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടുണ്ടോ? അരാജകത്വത്തിന്റെ അരക്ഷിതാവസ്ഥയിൽ ആയിപ്പോകുമായിരുന്ന ഒരു ജനതയ്ക്ക് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നൂറ്റാണ്ടുകൾ പ്രാർത്ഥനയിലൂടെ സാദ്ധ്യമാക്കിയ മഹാസന്ദേശമാണ് ഈസ്റ്റർ മനുഷ്യ ഹൃദയങ്ങളിലേക്കു പകർന്നു തരുന്നത്!
ഒരു തിരിയിലെ നന്മയുടെ ദീപനാളം ലക്ഷോപലക്ഷം മനസ്സുകളിലെ ദീപങ്ങളിലേക്കു പകർന്ന് എല്ലാ മനസുകളെയും പ്രകാശമാനമാക്കുന്ന സന്ദേശം തന്നെയാണ് ഈസ്റ്റർ തരുന്നത്! കരുണയുടെയും സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റയും മഹാസന്ദേശം കൂടിയാണ് അത്."" പ്രഭാഷകന്റെ ഉള്ളം, സംതൃപ്തിയും സന്തോഷവുംകൊണ്ട് നിറഞ്ഞു തുളുമ്പുന്നതായി അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം സാക്ഷ്യപ്പെടുത്തുന്നുവെന്ന് സദസ്യരിൽ ചിലർ വിലയിരുത്തി.
പ്രഭാഷകൻ തുടർന്നു: ''നമുക്ക് പ്രാർത്ഥനകൊണ്ട് സാദ്ധ്യമല്ലാത്തതായി യാതൊന്നുമില്ല എന്ന സന്ദേശം തന്നെയാണ് ഈസ്റ്റർ പറഞ്ഞുതരുന്നത്! നാഥനെ നഷ്ടപ്പെട്ട നൂറുകണക്കിന് ആലംബഹീനരുടെയും അശരണരുടെയും ഹൃദയത്തിൽ നിന്നുള്ള തോരാത്ത കണ്ണീര് കണ്ടുകൊണ്ടും, ആർത്തനാദത്തിലെ അവരുടെ പ്രാർത്ഥന കേട്ടുകൊണ്ടുമാണ് അന്നത്തെ ആദ്യ ദുഃഖവെള്ളിയാഴ്ച സൂര്യാസ്തമയം ഉണ്ടായത്. മരണമേറ്റുവാങ്ങിയ നാഥന്റെ നഷ്ടം അവരെ ദുഃഖത്തിന്റെ ആഴമില്ലാക്കയത്തിലേക്ക് തള്ളിയിട്ടു. അനാഥത്വത്തിന്റെ കൂരിരുൾ മുന്നോട്ടുള്ള വഴികളെല്ലാം അടച്ചതായി ബോദ്ധ്യമായിട്ടും ദൈവത്തിനു സാദ്ധ്യമല്ലാത്തതായി ഒന്നുമില്ലെന്ന തങ്ങളുടെ നാഥന്റെ വാക്കുകൾ അവർക്ക് വഴിവിളക്കായി!
സത്യമുള്ള പ്രാർത്ഥനയോളം ശക്തി മറ്റൊന്നിനും ഈ പ്രപഞ്ചത്തിലില്ല എന്ന തിരിച്ചറിവും അവർക്ക് ശക്തി പകർന്നു!അത്തരമൊരു ചിന്തയുടെ പക്വതയും പാകതയുമുള്ള മനസിൽ വിഷാദ ചിന്തകൾക്ക് സ്ഥാനമില്ലെന്നു കൂടി നമ്മൾ ഓർക്കണം! അതിനാൽ അവർ ആദ്യത്തെ ദുഃഖവെള്ളി രാത്രിയിലും, തുടർന്നു വന്ന പകലും ജലപാനം പോലും ഉപേക്ഷിച്ച് മരണം കവർന്നുകൊണ്ടു പോയ തങ്ങളുടെ നാഥന്റെ മടങ്ങിവരവിനായി നിശ്ചയദാർഢ്യത്തോടെയും ഉറച്ച വിശ്വാസത്തോടെയും പ്രാർത്ഥനയിൽ മുഴുകി. മരിച്ചവരാരും അന്നോളം മടങ്ങിവന്നിട്ടില്ലെന്ന സത്യം അവർക്ക് നന്നായി അറിയാമെന്നാലും, തങ്ങളുടെ നാഥന്റെ കാര്യത്തിൽ അത്തരമൊരു അടിസ്ഥാന പ്രകൃതി നിയമം പോലും ബാധകമല്ലെന്ന അടിയുറച്ച വിശ്വാസത്തിലെ പ്രാർത്ഥനയല്ലാതെ മറ്റൊരു ആയുധവും അവർക്കില്ലായിരുന്നു!
ഒടുവിൽ, മരണത്തെ തോൽപ്പിച്ച് ഉയിർപ്പുണ്ടായി എന്നു മാത്രമല്ല, ഇനിയൊരിക്കലും മരണമില്ലെന്ന സന്ദേശം കൂടി ഈസ്റ്റർ നൽകുന്നു. പ്രാർത്ഥനകൾ എന്നും ദൈവത്തോട് ചേർന്നു നിൽക്കാനും, സത്യം പറയാൻ ശക്തി തരുന്നവയും ആയിരിക്കണം. ഭക്തി ഒരിക്കലും ഭ്രാന്തായി മാറരുത്! പ്രാർത്ഥനകൾ കഴിയുന്നതും യുക്തിപരമായിരിക്കുകയും വേണം!""പ്രഭാഷകനെ ശ്രദ്ധാപൂർവം ശ്രവിച്ചിരുന്നവർക്ക് ആ വാക്കുകൾ പുതിയ വെളിച്ചമായാണ് അനുഭവപ്പെട്ടത്.