india

ന്യൂഡല്‍ഹി: ലോക ജനസംഖ്യയില്‍ ഒന്നാമതാണ് ഇന്ത്യ. ചൈനയെ പിന്തള്ളി 2023ലാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈക്കലാക്കിയത്. എന്നാല്‍ ജനസംഖ്യയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2050ല്‍ ഇന്ത്യയുടെ ജനന നിരക്ക് വെറും 1.29 ആയി കുറയുമെന്നാണ് അന്താരാഷ്ട്ര ജേണലായ ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 21ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിരക്ക് പിന്നെയും കുറഞ്ഞ് 1.04 ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ ഇന്ത്യയുടെ ജനന നിരക്ക് 1.91 ആണ്. 1950ല്‍ ഇത് 6.18 ആയിരുന്നു.

അതായത് 1950ല്‍ ഒരു സ്ത്രീക്ക് ആറ് കുട്ടികളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് രണ്ട് കുട്ടികളെന്ന നിലയിലാണ്. നൂറ്റാണ്ടിന്റെ അവസാനത്തോടെ അത് ഒരു കുട്ടിയെന്ന നിലയിലേക്ക് ചുരുങ്ങും. ഇന്ത്യയുടെ ഫെര്‍ട്ടിലിറ്റി നിരക്ക് മാത്രമായല്ല കുറയുന്നത്. സമാനമായ അവസ്ഥയാണ് ലോകമെമ്പാടും കാണപ്പെടുന്നത്. ആഗോള തലത്തില്‍ പോലും കഴിഞ്ഞ 70 വര്‍ഷത്തിനിടെ ജനന നിരക്ക് പകുതിയായി കുറഞ്ഞു. 1950-ല്‍ ആഗോള നിരക്ക് 4.8-ല്‍ കൂടുതലായിരുന്നു. 2021ല്‍ ഈ കണക്ക് ഒരു സ്ത്രീക്ക് ശരാശരി 2.2 കുട്ടികളായി കുറഞ്ഞു. ആഗോളതലത്തില്‍ 2050ല്‍ ഇത് 1.8 ആയി കുറയും.

ജനന നിരക്ക് കുറയുന്നതിന് നിരവധി ഘടകങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, ജീവിതശൈലി, ഭക്ഷണ ക്രമക്കേടുകള്‍ എന്നിവയാണ് ഇതിന് കാരണം. ജനന നിരക്ക് കുറയുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി അത് ജനസംഖ്യയിലെ സന്തുലിത അവസ്ഥയെ ബാധിക്കുമെന്നതാണ്. അതുകൊണ്ട് തന്നെ ഈ നിരക്ക് രണ്ടിന് മുകളില്‍ തുടരേണ്ടത് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ മുതിര്‍ന്നവരും കുട്ടികളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനില്‍ക്കുകയുള്ളൂ.

വയസ്സായവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നതാണ് ഈ സാഹചര്യം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ അപകടം. അത് ലോകത്തിന്റെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മാട്രിക്‌സ് ആന്‍ഡ് ഇവാലുവേഷനിലെ (ഐഎച്ച്എംഇ) ശാസ്ത്രജ്ഞരാണ് ഈ പഠനം നടത്തിയത്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം പൂര്‍ത്തീകരിച്ചിട്ടുള്ളത്.