rain

ഒട്ടാവ: വിവിധ തരത്തിലുള്ള നികുതികളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ഏതൊരു രാജ്യത്തെ സര്‍ക്കാരിനായാലും നിലനില്‍പ്പിനും ജനങ്ങള്‍ക്ക് അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നികുതി പിരിക്കുന്നത് ഒരു നിര്‍ണായക ഘടകമാണ്. എന്നാല്‍ മഴ പെയ്താല്‍ നികുതി അടയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാലോ? ഇതെന്ത് വിചിത്ര തീരുമാനമാണെന്ന് തോന്നുക മാത്രമല്ല തീരുമാനത്തിനെതിരെ ജനരോഷം ആളിക്കത്തുമെന്നും ഉറപ്പാണ്.

എന്നാല്‍ മഴ നികുതി എന്ന സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കാനഡയിലെ ടൊറന്റോ നഗരത്തിലെ അധികൃതര്‍. മഴവെള്ള മാനേജ്മെന്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള പുതിയ തരം നികുതിയാണ് കാനഡയിലെ ടൊറന്റോ സര്‍ക്കാര്‍ പരിഗണിക്കുന്നത്. ടൊറന്റോയിലെ മുനിസിപ്പല്‍ ഗവണ്‍മെന്റ് 'റെയിന്‍ ടാക്സ്' ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നു, ഇത് ഏപ്രിലില്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു. തീരുമാനം ജനങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

കനത്ത മഴയിലെ വെള്ളം കൈകാര്യം ചെയ്യുന്നതിനാണ്, 'റെയിന്‍ ടാക്സ്' എന്ന് വിളിക്കപ്പെടുന്ന നികുതി നടപ്പിലാക്കുന്നത്. സ്റ്റോം വാട്ടര്‍ ചാര്‍ജ്, സ്റ്റോം വാട്ടര്‍ ചാര്‍ജ് ക്രെഡിറ്റുകള്‍, വാട്ടര്‍ സര്‍വീസ് ചാര്‍ജ് എന്നിവ നടപ്പാക്കുന്നതിനെ കുറിച്ച് ടൊറന്റോ നഗരം അധികൃതര്‍ ആലോചിക്കുന്നു. ഈ സാദ്ധ്യതയുള്ള നിരക്കുകള്‍ ഉപഭോക്താക്കള്‍ അവരുടെ വെള്ളത്തിനായി നല്‍കുന്ന നിരക്കിനെ ബാധിക്കുമെന്നും ടൊറന്റോ സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

ശക്തമായ മഴയിലെ വെള്ളം നഗരത്തിലെ മലിനജല സംവിധാനത്തെ തകര്‍ക്കും, ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കും, ഇത് ടൊറന്റോയിലെ നദികളിലും അരുവികളിലും ഒന്റാറിയോ തടാകത്തിലേയും ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും അതുകൊണ്ടാണ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.