
ജീവിതത്തിൽ എല്ലാവർക്കും വളരെ പ്രധാനമാണ് വരുമാനം. നല്ല വരുമാനം ലഭിക്കാൻ നാമെല്ലാം ഒന്നിലധികം ജോലി പലപ്പോഴും നോക്കാറുണ്ട്. ഇങ്ങനെ ജോലി ചെയ്യുന്നത് സന്തോഷം നൽകുന്നുണ്ടോ? ജോലി ഇല്ലാത്തവർക്ക് ജീവിതം കടുത്ത മാനസിക സംഘർഷം നിറഞ്ഞതായിരിക്കും. താൻ മൂലം പ്രയോജനമില്ല എന്ന ചിന്ത പലപ്പോഴും ഇത്തരത്തിലുള്ളവർക്ക് വിഷമമുണ്ടാക്കും. എന്നാൽ അമേരിക്കയിലെ യേൽ സർവകലാശാലയിലെ മന:ശാസ്‌ത്ര പ്രൊഫസർ ലോറി സാന്റോസ് നൽകുന്ന വിവരമനുസരിച്ച് ജോലി ഇല്ലാത്തവരിൽ പോലെ എപ്പോഴും ജോലിത്തിരക്കുള്ളവരിലും കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാകാറുണ്ട്. എപ്പോഴും ജോലിത്തിരക്കുള്ളവർക്ക് ഉൽപാദന ക്ഷമത തീരെ കുറയാനും ഊർജം നഷ്‌ടമാകാനും സാദ്ധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ലോക ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 143ൽ 126ാം സ്ഥാനത്താണ്.
ജോലിത്തിരക്കുകൊണ്ടുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ തടയാൻ പൊതുവെ എല്ലാം ചിട്ടയായി എഴുതിയിടാൻ പറയാറുണ്ട് പലരും. തന്റെ പ്ളാനറിൽ കൃത്യമായി ഓരോ കാര്യവും പ്ളാൻ ചെയ്‌ത് എഴുതിവയ്‌ക്കുന്ന രീതിയാണിത്. എന്നാൽ ഇതും മാനസികസമ്മർദ്ദം കുറയ്‌ക്കില്ലെന്ന് ലോറി പറയുന്നു. ഇത്തരത്തിൽ പ്ളാൻ ചെയ്‌ത് വയ്ക്കുന്നത് മൂലം ഭക്ഷണം, വിശ്രമം, സുഹൃത്തുക്കളുമൊത്തുള്ള ഒഴിവുകാലത്തെ സന്തോഷകരമായ നിമിഷങ്ങൾ എന്നിവ നഷ്‌ടപ്പെടാം. വലിയ വലിയ ജോലികൾക്ക് ഏറെ സമയം അനുവദിക്കുന്നത് മികച്ച ഉൽപാദന ക്ഷമത ഉണ്ടാക്കും.
ജോലിക്കിടയിൽ കിട്ടുന്ന ചെറിയ ഒഴിവുകൾ നല്ലരീതിയിൽ ആസ്വദിക്കണം. അൽപം ധ്യാനിക്കാനോ, ഒരു ചെറിയ നടത്തം കഴിഞ്ഞുവരാനോ ചങ്ങാതിയുമൊത്ത് സന്തോഷനിമിഷങ്ങൾ ആസ്വദിക്കാനോ എല്ലാം ഇത് വിനിയോഗിക്കാം. സമയം നഷ്‌ടപ്പെടുത്തി പണം സമ്പാദിക്കരുതെന്നും കൃത്യമായി ചിട്ടയായി പണം ചിലവഴിക്കാനും വഴി കണ്ടെത്തണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.