ന്യൂയോർക്ക്: മൈക്രോസോഫ്​റ്റ് വിൻഡോസ്, സർഫേസ് വിഭാഗങ്ങളുടെ തലവനായി ഇന്ത്യൻ - അമേരിക്കൻ വംശജൻ പവൻ ദാവുലുരിയെ നിയമിച്ചു. മദ്രാസ് ഐ.ഐ.ടിയിലെ പൂർവ വിദ്യാർത്ഥിയാണ്. ഇരു വിഭാഗങ്ങളെയും നയിച്ചിരുന്ന പനോസ് പനായ് കഴിഞ്ഞ സെപ്തംബറിൽ സ്ഥാനമൊഴിഞ്ഞതോടെയാണ് പവന്റെ നിയമനം. ഐ.ഐ.ടി പഠനത്തിനു ശേഷം യു.എസിലെ മേരിലാൻഡ് സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയിരുന്നു. റിലയബിലി​റ്റി കംപോണന്റ് മാനേജറായി മൈക്രോസോഫ്റ്റിലെത്തിയ പവൻ കഴിഞ്ഞ 23 വർഷത്തിലേറെയായി കമ്പനിയുടെ ഭാഗമാണ്. 2005ൽ സർഫേസ് ടീമിന്റെ ജനറൽ മാനേജരായി.