
കത്താനറയ്ക്കുന്ന
രാത്തിരിക്കറ്റയിൽ
ഗ്രീഷ്മമിഴഞ്ഞിഴ-
ഞ്ഞിങ്ങു വന്നു.
പൊള്ളുന്നവേനൽ
പടംപൊഴിക്കും രാത്രി
വന്നെന്റെ മുന്നിൽ
തിളച്ചു നിന്നു.
കല്ലിലും മുള്ളിലും
കാസ തന്നുള്ളിലും
ഇല്ലാത്തരൂപം
വരച്ചു നിന്നു.
മുല്ലയും പിച്ചിയും
മുറ്റും മണങ്ങളാൽ
തെല്ലിട കഷ്ടങ്ങൾ
നീക്കിനിന്നു.
പ്രച്ഛന്നവേഷങ്ങൾ
കെട്ടുന്ന മോഹങ്ങ-
ളിഷ്ടങ്ങളുരി-
ത്തിരിഞ്ഞു നിന്നു.
ആർദ്രമൗനം അലി-
ഞ്ഞാകെപ്പടരുന്ന
നാണനിലാവി-
ന്നഗാധതയിൽ
ശൂന്യത മൂളും
വിലാപപ്പകർച്ചയിൽ
എകാന്ത നോവുകൾ
കേറിവന്നു.
എല്ലുന്തിനിൽക്കും
ഋതുക്കളിടയ്ക്കിടെ
ചില്ലുകൂടുത്സവ വാസമാക്കി.
നല്ല ശമരിയാക്കാരനായ്
ആൽമരം എല്ലാ
കിളികൾക്കും ചേക്കയായി.
കാറടിഞ്ഞത്രയ്ക്കി-
രുട്ടു കനക്കവേ, പാറയ്ക്കു
പിന്നിലൊളിച്ചു വെട്ടം.
തല്ലിക്കൊഴിക്കുന്ന
കാറ്റിനെ പൂട്ടുവാൻ
ചില്ലയിലവല നെയ്തുകൂട്ടി.
വമ്പങ്ങു കാറ്റാ-
യിളകിയ നേരത്തു
കൊമ്പിന്നുടു-
വസ്ത്രമൂരിമാറ്റി.
നഗ്നതചുറ്റിയ
നാണത്തലപ്പിൽനി-
ന്നപ്പോൾ നിലാന്റെ
തുള്ളി വീണു.