nirmala-sitaraman

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ആന്ധ്രപ്രദേശിലെയോ തമിഴ്‌നാട്ടിലേയോ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കൈവശം അതിനുള്ള പണമില്ലാത്തതിനാലാണ് നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതേക്കുറിച്ച് പത്ത് ദിവസത്തോളം ചിന്തിച്ചുവെന്നും അതിന് ശേഷമാണ് നിരസിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം തന്നെ ആന്ധ്രയിലോ അതോ തമിഴ്‌നാട്ടിലോ എന്നതും തനിക്ക് തീരുമാനമെടുക്കാന്‍ കഴിയാതെപോയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. തന്റെ തീരുമാനത്തെ പാര്‍ട്ടി നേതൃത്വം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യയുടെ ധനമന്ത്രിയുടെ കയ്യില്‍ പണമില്ലെന്നാണോ പറയുന്നതെന്ന് ചോദ്യമുയര്‍ന്നപ്പോള്‍ രാജ്യത്തിന്റെ പണം ഇന്ത്യയുടെ ജനങ്ങളുടെ സ്വത്താണെന്നും അതില്‍ തനിക്ക് ഒരു അവകാശവും ഇല്ലെന്നും മന്ത്രി പറഞ്ഞു. എന്റെ സ്വത്ത് സമ്പാദ്യം എന്നിവ മാത്രമാണ് എനിക്ക് അവകാശപ്പെട്ടത് അല്ലാതെ രാജ്യത്തിന്റെ പൊതുസ്വത്തില്‍ മന്ത്രിക്ക് ഒരു അവകാശവുമില്ല- ധനമന്ത്രി വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരായ നിരവധി രാജ്യസഭാ അംഗങ്ങള്‍ മത്സരിക്കുന്നുണ്ടെന്നും അവര്‍ക്കായി പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും അതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനായി പ്രചാരണത്തിന് പോകുകയാണ് നാളെയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.