congress

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്തമായി തുടരുന്നതിനിടെ കോണ്‍ഗ്രസിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍ പാര്‍ട്ടി വിട്ടു. അദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നു. പാലക്കാട് നഗരസഭ കൗണ്‍സിലറായ അദ്ദേഹം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് അംഗത്വം സീകരിച്ചത്.

നാല്‍പത് വര്‍ഷത്തിലധികം താന്‍ കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചു. എന്നാല്‍ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നു ഷൊര്‍ണൂര്‍ വിജയന്‍ കുറ്റപ്പെടുത്തി. തന്നെപ്പോലെ സമാനമായ നിരവധി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലുണ്ട്.

തനിക്ക് പിന്നാലെ കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു.

കോണ്‍ഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി വിടാന്‍ ആലോചിച്ചത്. കുറച്ച് കാലമായി ഇത് ആലോചിക്കുന്നതാണ്. മാനുഷിക മൂല്യങ്ങളോടെ പ്രവര്‍ത്തിക്കുകയും സത്യത്തില്‍ വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ പോരാട്ടം നടത്തുകയും ചെയ്യുന്നത് സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും ഷൊര്‍ണൂര്‍ വിജയന്‍ പ്രതികരിച്ചു.