ipl

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റെക്കോഡ് സ്‌കോറിംഗിന് സാക്ഷിയായ മുംബയ് ഇന്ത്യന്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ മുംബൈക്ക് തോല്‍വി. 278 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബയ് ആദ്യം മുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയെങ്കിലും 31 റണ്‍സ് അകലെ അവര്‍ പൊരുതി വീഴുകയായിരുന്നു.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 26(12), ഇഷാന്‍ കിഷന്‍ 34(13) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് മൂന്നോവറില്‍ ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ സ്‌കോറിംഗ് വേഗത നിലനിര്‍ത്താനുള്ള ശ്രമത്തിനിടെ ഇരുവരും പുറത്തായി. പിന്നീട് നമന്‍ ധീര്‍ 30(14), തിലക് വര്‍മ്മ 64(34) എന്നിവര്‍ റണ്‍ചെയിസ് മുന്നോട്ട് കൊണ്ടു പോയി. എന്നാല്‍ പിന്നീട് വന്ന ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 24(20) ടിം ഡേവിഡ് 42*(22)എന്നിവര്‍ക്ക് ആവശ്യമുള്ള റണ്‍നിരക്കിന് അനുസരിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

നിരവധി ബാറ്റിംഗ് റെക്കോഡുകള്‍ക്കാണ് മത്സരം സാക്ഷിയായത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ടീം ടോട്ടലാണ് ഹൈദരാബാദ് സ്വന്തമാക്കിയ 20 ഓവറില്‍ മൂന്നിന് 277 റണ്‍സ് എന്നത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് മുംബയ്ക്കെതിരെ ഹൈദരാബാദ് അടിച്ച് കൂട്ടിയത്. പൂനെ വാരിയേഴ്സ് ഇന്ത്യക്കെതിരെ 2013ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു നേടിയ 263/5 എന്ന റെക്കോഡാണ് പഴങ്കഥയായത്.

അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ട്രാവിസ് ഹെഡ് 62(24), അഭിഷേക് ശര്‍മ്മ 63(23), ഹെയ്ന്റിച്ച് ക്ലാസന്‍ 80*(34) എന്നിവരാണ് മുംബയെ കശാപ്പ് ചെയ്തത്. എയ്ഡന്‍ മാര്‍ക്രം 42*(28) പുറത്താകാതെ നിന്നു. 18 സിക്സറുകളും 19 ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. മുംബയ് ബാറ്റര്‍മാര്‍ 20 സിക്‌സറുകളും 12 ഫോറുകളും അടിച്ചു. മത്സരത്തിലാകെ 38 സിക്‌സറുകളും 31 ഫോറുകളുമാണ് ഇരുടീമുകളുമായി അടിച്ച് കൂട്ടിയത്.