kochi

കൊച്ചി: കൊച്ചി കായല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മറൈന്‍ഡ്രൈവിനെ കൂടുതല്‍ ജനപ്രിയമാക്കാനുള്ള പദ്ധതിയുമായി ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ).

സ്വകാര്യ ബോട്ട് ടൂറിസത്തെ സുരക്ഷിതവും ആകര്‍ഷകവുമാക്കാന്‍ ഫ്‌ളോട്ടിംഗ് ബോട്ട് ജെട്ടികളാണ് മറൈന്‍ഡ്രൈവില്‍ നിര്‍മ്മിക്കും. വാക് വേയോട് ചേര്‍ന്നാവും ബോട്ട് ജെട്ടികള്‍.

അഞ്ചുമുതല്‍ എട്ട് ജെട്ടികള്‍ വരെ നിര്‍മ്മിക്കാനാണ് പദ്ധതി. രണ്ട് കോടിയാണ് നിര്‍മ്മാണത്തുക. കോണ്‍ക്രീറ്റ് ജെട്ടികള്‍ കായലിന് അടിയില്‍ പൈല്‍ ചെയ്ത് വേണം നിര്‍മ്മിക്കാന്‍. ഇതിന് വലിയ തുക ചെലവാകും. ഫ്‌ലോട്ടിംഗ് ജെട്ടികളാവുമ്പോള്‍ കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കും. കുറേനാളുകളായി ജി.സി.ഡി.എയുടെ പരിഗണനയിലുള്ള പദ്ധതിയാണിത്.

പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാവും ടെന്‍ഡര്‍ നടപടികളാരംഭിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതി ആരംഭിക്കും. ബോട്ടുടമകളില്‍ നിന്ന് ചെറിയ യൂസര്‍ ഫീ ഇടാക്കിയാവും നടത്തിപ്പ്. തുക പിന്നീട് തീരുമാനിക്കും.

നിലവില്‍ മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകള്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയവയാണ്. ഇവ അപകടാവസ്ഥയിലാണ്. ഇത് പലതും മരത്തടികളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തടികള്‍ ദ്രിവിച്ചാല്‍ വലിയ അപകടങ്ങളും ഉറപ്പാണ്.

കൊച്ചി നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മറൈന്‍ ഡ്രൈവില്‍ നിലവില്‍ 60 ഓളം സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്.

ഫ്‌ലോട്ടിംഗ് ജെട്ടികള്‍ വരുമ്പോള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും സാധിക്കും. കൂടാതെ വേലിയേറ്റ വേലിയിറക്ക സമയത്ത് വെള്ളത്തിന്റെ അളവ് അനുസരിച്ച് ഉയരുകയും താഴുകയും ചെയ്യും. കൊച്ചി വാട്ടര്‍ മെട്രോയ്ക്കും അത്യാധുനിക രീതിയിലുള്ള ഫ്‌ലോട്ടിംഗ് ജെട്ടിയാണ് ഉപയോഗിക്കുന്നത്.

ആകെ പദ്ധതി ചെലവ്- 2 കോടി

നിര്‍മ്മിക്കുന്ന ജെട്ടികള്‍- 5-8 എണ്ണം

അപകട രഹിതവും സുരക്ഷിതവുമായതാണ് ഫ്‌ലോട്ടിംഗ് ജെട്ടികള്‍. തിരഞ്ഞെടുപ്പിന് ശേഷം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാണ് ആലോചന. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും

ജി.സി.ഡി.എ അധികൃതര്‍