forest

വയനാട്: കൽപ്പറ്റയിലെ സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ പ്രതികൾ മുറിച്ച് കടത്തിയെന്ന് വനംവകുപ്പ്. കേസിലെ ആറ് പ്രതികൾ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ അറിയാതെ ഇവർ 30 മരങ്ങൾ അധികം മുറിച്ച് കടത്തിയെന്നാണ് വിവരം. ആറ് പേരും കോടതിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. അധികമായി മുറിച്ച ഓരോ മരത്തിനും 5000 രൂപ വീതം പിഴ ചുമത്തണമെന്നാണ് വനംവകുപ്പിന്റെ തീരുമാനം.

വാര്യാട് സ്വദേശി ഇബ്രാഹീം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുൾ നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻ കുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്ക് ജനുവരിയിലാണ് 20 മരങ്ങൾ മുറിക്കാൻ വനംവകുപ്പ് അനുമതി നൽകിയത്. എന്നാൽ ആറംഗസംഘം 30 മരങ്ങൾ അധികമായി മുറിച്ചതായി കണ്ടെത്തുകയായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നത് അറിഞ്ഞ് പ്രതികൾ തടികൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. മുറിച്ച മരങ്ങളിൽ പ്രതികൾ ഉപേക്ഷിച്ചവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരം കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടിയിട്ടുണ്ട്. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി നടന്നത്. ഭൂരഹിതരായ ആദിവാസികൾക്കാണ് അന്ന് ഭൂമി പതിച്ചു നൽകിയത്.